തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാസീരിയല്‍ നടന് ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
65 വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ജികെ പിള്ള ഏകദേശം 325 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം സിനിമ, സീരിയല്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. . 1954ല്‍ സ്നേഹ സീമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ എത്തിയ ജി കെ പിള്ള സൈന്യത്തിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം സൈനീകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം. കാവ്യമേള,തുമ്പോലാര്‍ച്ച , പുത്രി, അശ്വമേധം, കാര്യസ്ഥന്, നായരു പിടിച്ച പുലിവാല്, സ്ഥാനാര്‍ത്ഥി സാറാമ്മ, ജ്ഞാനസുന്ദരി എന്നീ സിനിമകളാണ് പ്രധാന സിനിമകള്‍ എന്നിവ പ്രധാന ചിത്രങ്ങള്‍.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ വിദ്യാഭ്യാസം. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരന് ജാഥയിലും മറ്റും പങ്കെടുത്തിരുന്നു.
ഇത് മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ പിള്ള ഒരു രാത്രിയില്‍ നാടുവിട്ടു. പിന്നീട് ചാക്കയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പില്‍ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്.
രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നീ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്ന്. ഇന്തോപാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പോസ്റ്റുചെയ്തു.
ഇവിടുത്തെ സൈനിക ക്യാമ്പില്‍ നടന്ന നാടകം കളിയില്‍ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. 15 വര്‍ഷം പട്ടാളത്തില്‍ സേവനം നടത്തിയാല്‍ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13-ാം വര്‍ഷം അഭിനയമോഹവുമായാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് സിനിമസീരിയലുകളില്‍ സജീവമായി.