കൊച്ചി: പറവൂരില്‍ വിസ്മയ (25) എന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സഹോദരി ജിത്തു അറസ്റ്റിലായി. ബുധനാഴ്ച അര്‍ധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടക്കുന്നതു കണ്ട ജിത്തുവിനെ പിങ്ക് പൊലീസ് അഭയകേന്ദ്രത്തിലാക്കുകയായിരുന്നു . പക്ഷെ ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
താന്‍ ലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പിങ്ക് പൊലീസ് തന്നെ തെരുവോരം മുരുകന് നടത്തുന്ന ഷെല്‍റ്റര്‍ ഹോമില്‍ ആക്കുകയായിരുന്നു. എന്നാല്‍ രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് ആളെ മനസ്സിലായില്ല.
ഇതിനിടെ ജിത്തുവിനായി പൊലീസ് ജില്ലയിലാകെ വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. 15 മണിക്കൂറിന് ശേഷമാണ് തങ്ങള്‍ തിരയുന്ന പെണ്‍കുട്ടിയെയാണ് അനാഥാലയത്തില്‍ എത്തിച്ചതെന്ന് പോലീസ് മനസ്സിലാക്കുന്നത്. ഉച്ചയ്ക്കു ശേഷം പറവൂര്‍ പൊലീസിനാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് തെരുവു വെളിച്ചം നടത്തിപ്പുകാരനെ തെരുവോരം മുരുകനെ ഫോണില്‍ വിളിച്ച് ജിത്തുവിനെക്കുറിച്ച് അന്വേഷിച്ച് തങ്ങള്‍ എത്തുന്നത് വരെ സുരക്ഷിതയായിരിക്കണമെന്ന് അറിയിച്ചു. അതിനിടെ ബോയ്ഫ്രണ്ടിനൊപ്പം പോകണമെന്ന് ജിത്തു നിര്‍ബന്ധം പിടിച്ചു.
എന്നാല്‍ മുരുകന് യുവതിയെ ആശ്വസിപ്പിച്ചു സ്ഥാപനത്തില്‍ നിര്‍ത്തുകയായിരുന്നു. അതിനിടെ, സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികള്‍ക്കായി പായസം കൊണ്ടുവന്നു. ഈ പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂര്‍ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പിന്നാലെ ജിത്തുവിനെ അറസ്റ്റ് ചെയ്തു.
സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്ന് ജിത്തു പൊലീസിന് മൊഴി നല്കി. ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 28-ന് വൈകീട്ടാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.