കോഴിക്കോട്: സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹാവശ്യത്തിനായുള്ള ആഭരണങ്ങളടങ്ങിയ ബാഗ് തീവണ്ടിയില്‍ മറന്നുവെച്ചു, വളരെയേറെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് സ്വന്തമാക്കാതെ ഭദ്രമായി തിരികെ ഏല്‍പ്പിച്ച് നാടിന് മാതൃകയായി ടിക്കറ്റ് ഇന്‍സ്പെക്ടര്‍. ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം മുരളീധരനാണ് അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ നന്മയുടെ നിറവസന്തമായി മാറിയത്.
വ്യാഴാഴ്ച രാവിലെയാണ് മകള്‍ ഐഷയുടെ നിക്കാഹിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്സ്പ്രസില്‍ കാസര്‍കോട് എത്തിയത്. തീവണ്ടി ഇറങ്ങിയതിനുശേഷമാണ് കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍മവന്നത്. എന്നാല്‍ എപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടിരുന്നു.
ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നാദിര്‍ഷാ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആര്‍പിഎഫ് അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി. ഈ സമയം കോച്ചില്‍ മറ്റാരും ഇല്ലായിരുന്നു.
വണ്ടിയില്‍ സ്പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍പിഫ് എഎസ്ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറുകയായിരുന്നു.
റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിര്‍ഷയും കുടുംബവും തീവണ്ടിയില്‍ മറന്നുവെച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്. ബാഗ് തിരികെ നല്കുമ്പോള് മുരളീധരന്റെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. അത് സ്വീകരിക്കുമ്പോള്‍ നാദിര്‍ഷായ്ക്കും കുടുംബത്തിനും എത്ര നന്ദി പറഞ്ഞിട്ടും മതിയായിരുന്നില്ല.
.