സൂപ്പര്‍താരങ്ങള്‍ ഒരു ഫ്രൈയിമില്‍ നില്ക്കുന്ന ചിത്രങ്ങളോട് സിനിമാപ്രേമികള്‍ക്ക് എന്നും ആവേശമാണ്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നത്. മമ്മൂട്ടിയുടെ വസതിയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദുല്‍ഖറിനും അമാലുവിനും മറിയത്തിനുമൊപ്പം നില്ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം.
സൂപ്പര്‍താരത്തെ കൗതുകത്തോടെ നോക്കുന്ന മറിയമാണ് ഏവരുടെയും ശ്രദ്ധ കവരുന്നത്. ദുല്‍ഖറിന്റെ കൈയിലിരിക്കുന്ന മറിയത്തെ മോഹന്‍ലാല്‍ എന്തോ ചൂണ്ടിക്കാട്ടുന്നതും ചിത്രത്തില്‍ കാണാം. കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ എത്തിയപ്പോഴത്തെ ചിത്രമാണ് ഇത്. എന്നാല്‍ ഫ്രെയ്മില് മമ്മൂട്ടിയില്ല. മൂന്ന് ആഴ്ചകള്‍ക്കു മുമ്പുള്ള ചിത്രം ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്.
‘ദൃശ്യം 2’ന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ് നിര്‍വഹിക്കുന്നത്.
അതേസമയം, മമ്മൂട്ടി ലോക്ക് ഡൗണ്‍ കാലത്ത് താടിയും മുടിയുമൊക്കെ വളര്‍ത്തിയിരുന്നു. പുതിയ സിനിമയായ ഭീഷ്മ പര്‍വ്വത്തില്‍ ഈ ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍. കുറുപ്പ് എന്ന സിനിമയാണ് ദുല്‍ഖറിന്റേതായി ഉടന്‍ ഇറങ്ങാനിരിക്കുന്നത്.