നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. നാനി നായകനായെത്തുന്ന ചിത്രത്തിന് ‘അണ്ടെ സുന്ദരാനികി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയാണ് ചിത്രം. ‘ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ’ എന്ന് കുറിച്ചാണ് നസ്രിയ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ചത്.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. 2021 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിവേക് സാഗറാണ് സംഗീത സംവിധാനം ചെയ്യുന്നത്. രവിതേജ ഗിരിജാലയാണ് എഡിറ്റര്‍. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
നസ്രിയയും നാനിയും ചേര്‍ന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകന് വിവേക് വിശേഷിപ്പിക്കുന്നത്. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ഫഹദ് നായകനായ ട്രാന്‍സ് ആണ് നസ്രിയയുടേതായി ഒടുവില്‍ റിലീസായ ചിത്രം. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താന്‍ എന്ന് നസ്രിയ നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ റിലീസായ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്’ എന്ന സിനിമയില്‍ നസ്രിയയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.