പോത്തന്‍കോട്: നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടായിക്കോണം ശാസ്തവട്ടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
സംഭവത്തില്‍ ഇരിഞ്ചയം മീന്‍മൂട് കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷീബ എന്ന ആര് പ്രഭ (37) ആണ് മരിച്ചത്. ഭര്‍ത്താവ് ശാസ്തവട്ടം മങ്ങാട്ടുകോണം മഠത്തിന്മേലെ തടത്തരികത്ത് പുത്തന്‍വീട് രേഷ്മാ ഭവനില്‍ സുരേഷ് എന്ന സെല്‍വരാജിനെ (45) നെ പോത്തന്‍കോട് പോലീസ് അറസ്റ്റു ചെയ്തു.
കുടുംബപ്രശ്നത്തെ തുടര്‍ന്ന് പ്രഭയും സെല്‍വരാജും സ്വന്തം വീടുകളിലായിരുന്നു താമസം. സെല്‍വരാജിന്റെ വീടിനു സമീപത്തായുള്ള വീട്ടില്‍ പ്രഭ ജോലിക്കെത്താറുണ്ട്. പതിവുപോലെ വന്നു മടങ്ങുമ്പോള്‍ സെല്‍വരാജ് അവിടെയെത്തുകയും ഇരുവരും ഒരുമിച്ചു സംസാരിച്ചു നടക്കുന്നതിനിടയില്‍ കത്തി കൊണ്ട് കഴുത്ത് അറുക്കുകയുമായിരുന്നു.
സംഭവസ്ഥലത്തു തന്നെ പ്രഭ രക്തം വാര്‍ന്നു മരിച്ചു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ സെല്‍വരാജിനെ പിന്നാലെയെത്തിയ പോലീസ് മങ്ങാട്ടുകോണം ജംക്ഷനില്‍ നിന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സെല്‍വരാജിന്റെയും പ്രഭയുടെയും മക്കള്‍ 6 വയസ്സുകാരന് അഭിനഭരാജും, 4 വയസ്സുള്ള അഭയയും ഇരിഞ്ചയത്തുള്ള വീട്ടിലാണ് താമസം.
ഭാര്യയെ ഒപ്പം വന്നു താമസിക്കാന്‍ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് സെല്‍വരാജിന്റെ അമ്മ സെലീന പറയുന്നു. ഇവരുടെ വിവാഹം നടന്നിട്ട് 10 വര്‍ഷമായി. സെല്‍വരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.
പ്രഭയുടെ കുടുംബ വീട്ടിലായിരുന്നു താമസം. ഉത്രാടത്തിന് അവിടെ നിന്നും പിണങ്ങി ഇറങ്ങിയ സെല്‍വരാജ് സ്വന്തം വീട്ടിലെത്തി. ഭാര്യയോടും മക്കളോടും മടങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വന്നിരുന്നില്ല.
അതേസമയം, അരും കൊല ചെയ്ത മകനെ തൂക്കി കൊല്ലണമെന്ന് സെല്‍വരാജിന്റെ അമ്മ സെലീന പറഞ്ഞു. എന്നെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാല്‍ മകന് എന്തും ചെയ്യുന്ന പ്രകൃതമാണെന്നും സെലീന പറഞ്ഞു.