പത്തനംതിട്ട: ഓടിളക്കി വീടിന്റെ അകത്തുകയറി ഒറ്റയ്ക്കു താമസിക്കുന്ന 75 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഓമല്ലൂര്‍ പറയനാലി അണ്ണാന്വാതുക്കല് മഹേഷ് (25) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ഓടിളക്കി അകത്ത് കടന്ന മഹേഷ് ബലപ്രയോഗത്തിനിടെ വയോധികയുടെ മൂക്കും വായും കൂട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഇവര്‍ ഇയാളുടെ കയ്യില്‍ കടിച്ചതിനാല്‍ പിടിവിട്ട് ഓടി.
ബഹളത്തിനിടയില്‍ ഇയാളുടെ കൈലിയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ഇതെടുക്കാന്‍ തിരിച്ചെത്തിയ മഹേഷിനെ, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ അലീനയുടെ നേതൃത്വത്തില്‍ പോലീസെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ഭാര്യയുടെ ആദ്യ ബന്ധത്തില്‍ ജനിച്ച മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കോയിപ്രം സ്വദേശിയെ (56) ആണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.