കൊല്ലം: പൂജകള്‍ പഠിപ്പിക്കാനെന്ന പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പൂജാരിമാര്‍ക്ക് 5 വര്‍ഷം കഠിന തടവും 10,000 രൂപ വീതം പിഴയും. പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരായ ബിനു, വിവേക് എന്നിവരെയാണു കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.
2017ലാണ് സംഭവം നടന്നത്. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ് അനുഭവിക്കണം. കിഴക്കേകല്ലട പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് സി മുണ്ടയ്ക്കല്‍ ഹാജരായി.
അതേസമയം, പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. നെന്മാറ പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട ചേരുംവീട്ടില് കൃഷ്ണന്‍കുട്ടി (കണ്ണന്-46)യെയാണ് ശിക്ഷയ്ക്ക് വിധിച്ചത്.
വിവിധ വകുപ്പുകളിലായി പാലക്കാട് ജില്ലാ ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് (പോക്സോ കോടതി) ജഡ്ജി എസ് മുരളീകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ നല്‍കിയില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവും പ്രതി അനുഭവിക്കണം. 2015 ഡിസംബര്‍, 2016 ജനുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ആടുമേയ്ക്കാന്‍ പോയ ഭിന്നശേഷിക്കാരിയായ കുട്ടിയെ പ്രതി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.