പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഇസിജി മുറിയിയില്‍ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ പന്ന്യാര്‍ കോളനിയില്‍ ചിറ്റേഴത്ത് അനന്തരാജിനെ (36) ആണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
വനിതാ പാരാമെഡിക്കല്‍ ടെക്നീഷ്യനെ താല്‍ക്കാലിക ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇസിജി മുറിയിലെത്തിയ അനന്തരാജ് തന്റെ ഇസിജി എടുക്കണമെന്ന് ആവശ്യപ്പെട്ടു. പലതവണ വിസമ്മതിച്ചെങ്കിലും ഒടുവില്‍ ഇസിജി എടുത്തു നല്കിയ യുവതി ഉടന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് പോയി. അല്പനേരം കഴിഞ്ഞ യുവതി ഇസിജി മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ പ്രതി അവിടെത്തന്നെ ഉണ്ടായിരുന്നു.
യുവതി അകത്തേക്ക് കയറുന്നത് കണ്ടതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് വാതില്‍ കുറ്റിയിട്ടു യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവം യുവതി സഹപ്രവര്‍ത്തകയെ ഫോണില്‍ അറിയിച്ചു.
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ട പോലീസ് ആശുപത്രിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അനന്തരാജിനെ റിമാന്‍ഡ് ചെയ്തു.