മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോഡി വിദ്വേഷവും പകയും വളര്‍ത്തുന്ന തിരക്കിലാണെന്ന് രാഹുല്‍ ഗാന്ധി. ഏറനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ബഷീറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
എവിടെയെല്ലാം ചെന്ന് വിദ്വേഷം പരത്താന്‍ കഴിയുമോ അവിടെയെല്ലാം പോയി മോഡി വിദ്വേഷം പരത്തുകയാണെന്നും പൗരത്വ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘പൗരത്വ നിയമത്തെ കുറിച്ച് എല്ലാവര്ക്കും ആശങ്ക ഉണ്ടാകും. നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഒരു കാരണവശാലും പൗരത്വ നിയമം നടപ്പാക്കാന്‍ സമ്മതിക്കില്ല. അത് ആലോചിച്ച് ആരും വിഷമിക്കേണ്ട കാര്യമില്ല. പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അസമിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതേപോലെ ഇവിടെയും പറയുന്നു, പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല.’
എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
യുഡിഎഫിന് അധികാരം ലഭിക്കുകയാണെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന വ്യക്തമായ പ്ലാനിങ്ങുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മികച്ച പദ്ധതികള്‍ കൊണ്ടുവരും. വയനാടിനെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് ആലോചിക്കുന്നത്.
കേരളത്തില്‍ ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ വരേണ്ടതുണ്ട്. ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ട ജനങ്ങള്‍ക്ക് വ്യക്തമായ ഒരു വരുമാനം ഉണ്ടാകും. കേരളത്തിലെ ദാരിദ്ര്യം ഈ പദ്ധതിയിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി മറ്റന്നാള്‍ വീണ്ടും തിരുവനന്തപുരത്തെത്തും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്ന വലിയ ദൗത്യം ഏല്‍പ്പിച്ചിട്ട് പ്രിയങ്ക ഗാന്ധിയെ റോഡ് ഷോയ്ക്കായി എത്തിക്കാത്തതില്‍ കെ മുരളീധരന് സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക വീണ്ടും എത്തുന്നത്.