ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശത്തോടെ തുടക്കം. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും മറ്റും നേരില്‍ക്കണ്ടു വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ത്ഥി ഇന്നലെ കോര്പറേഷന് ചെറുവണ്ണൂര്‍-നല്ലളം മേഖലയിലായിരുന്നു പര്യടനം.
രാവിലെ അരീക്കാട് പുളിക്കല്‍താഴത്ത് നിന്നായിരുന്നു തുടക്കം. കുടുംബ യോഗങ്ങളിലും മറ്റും പങ്കെടുത്തു. ഒതയമംഗലം, നല്ലളം, എറമുള്ളാടന് വയല്‍, പാറപ്പുറം, ചെറുവണ്ണൂര്‍, കൊളത്തറ, കുണ്ടായിത്തോട്, തുടങ്ങിയ പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. അരീക്കാട്, നല്ലളം, റഹ്മാന് ബസാര്‍ അങ്ങാടികളിലെ കടകള്‍ സന്ദര്‍ശിച്ചു വോട്ടു തേടി.
വൈകിട്ട് അരീക്കാട്, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍, നടുവട്ടം ഈസ്റ്റ്, ബേപ്പൂര്‍, മാത്തോട്ടം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു. ഇന്നു ഫറോക്ക് നഗരസഭ മേഖലയില്‍ പര്യടനം നടത്തും. കെ രാജീവ്, ഐപി മുഹമ്മദ്, പി ജയപ്രകാശ്, കലാം കടുവാനത്ത്, കെപിഎ ഹാഷിം, കെപി ശശി, കെഎം റഫീഖ്, സി വത്സരാജ്, സിഎം ഷാഫി, എം ഗോപാലകൃഷ്ണന്, വികെസി റസാഖ് തുടങ്ങിയവര്‍ പ്രചരണത്തില്‍ ഒപ്പമുണ്ട്.
അതേസമയം, തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിന്റെ പ്രചാരണത്തിന് തുടക്കമായി. കൂറ്റനാട് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ് ഷോ ആയാണ് പ്രചാരണത്തിന് തുടക്കമായത്. വിടി ബല്‍റാമിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തൃത്താലയില്‍ വിടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിച്ചിട്ടുണ്ട്.