പൊന്നാനി: മിന്നല്‍ പരിശോധനയില്‍ മായം ചേര്‍ത്ത മീന്‍ വില്പന പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേര്‍ന്നു നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊന്നാനി ചമ്രവട്ടം ജംക്ഷനില്‍ നിന്ന് 10 കിലോഗ്രാം ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യമാണ് പിടികൂടിയത്.
ജംഗ്ഷനിലെ 4 സ്റ്റാളുകളില്‍ നിന്നായി മത്തി, നത്തോലി, അയല ചെമ്പാന്‍ എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. 9 സ്റ്റാളുകളില്‍ നിന്ന് മത്സ്യം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും നാലിടങ്ങളിലെ മത്സ്യമാണ് മായം ചേര്‍ന്നതായി കണ്ടെത്തിയത്. മൊബൈല്‍ പരിശോധനാ കേന്ദ്രത്തിലാണ് മത്സ്യപരിശോധന നടത്തിയത്.
ഫോര്‍മലിന്‍ ചേര്‍ന്ന മത്സ്യം പുറമേനിന്ന് വന്നതാണെന്നാണു കണ്ടെത്തല്‍. പൊന്നാനി ഹാര്‍ബറില്‍നിന്നു കൊണ്ടുവന്ന മത്സ്യത്തിലൊന്നും മായം ചേര്‍ത്തതായി കണ്ടെത്തിയിട്ടില്ല. ഹാര്‍ബറില്‍ നിന്നുള്ള മത്സ്യത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നു വരുന്ന മത്സ്യം ചേര്‍ത്ത് വില്‍ക്കുകയാണു ചെയ്യുന്നത്. ജില്ലയിലേക്ക് വന്‍തോതില്‍ മായം ചേര്‍ത്ത മത്സ്യം വരുന്നുണ്ടെന്ന് നിരന്തര പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യം വ്യാപകമായി ജില്ലയിലെ വിപണികളില്‍ കുറഞ്ഞ വിലയ്ക്ക് എത്തുന്നതിനാല്‍ പ്രാദേശികമായ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. നഗരസഭാ പ്രദേശത്ത് പുറത്തുനിന്നു കൊണ്ടുവരുന്ന മീന്‍ വില്‍ക്കരുതെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും അതു വകവയ്ക്കാതെയാണ് വന്‍തോതില്‍ മത്സ്യം എത്തിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍മാരായ യുആര്‍ ദീപ്തി, യമുന കുര്യന്, പൊന്നാനി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വാമിനാഥന്, ഭക്ഷ്യസുരക്ഷാ വിഭാഗം ടെക്നിക്കല്‍ ഇന്‍സ്പെക്ടര്‍ റംഷാദ്, അഫ്സല് റഹ്മാന് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.