ഉഴവൂര്‍: ഇടിച്ചുവീഴ്ത്തിയ കാറിന് മുകളിലേക്ക് തന്നെ ട്രാന്‍സ്ഫോര്‍മര്‍ ഒടിഞ്ഞുവീണു. ചിലന്തിവല പോലെ ചുറ്റിയ വൈദ്യുതി വിതരണകമ്പികള്ക്കിടയിലൂടെ പിന്‍വശത്തെ ഗ്ലാസ് കൈകൊണ്ട് ഇടിച്ച് പൊട്ടിച്ച് കത്തിത്തുടങ്ങിയ കാറില്‍ നിന്ന് യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി സിവില്‍ പോലീസ്.
കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്പ്പാറനിരപ്പേല് എബി ജോസഫ് (45) ആണ് സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാടിന്റെ അഭിമാന താരമായി മാറിയത്. സംഭവത്തില്‍ എബിയെ ഗ്രാമപ്പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, വാര്‍ഡ് മെമ്പര്‍ ബിന്‍സി അനില്‍ എന്നിവര്‍ എബിയുടെ വീട്ടിലെത്തിയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.
എബി ജോസഫ് നിരപ്പേലിനെ ഉഴവൂരിലെ വ്യാപാരികളും ആദരിച്ചു. ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്റ് സൈമണ്‍ ജോസഫ് ഷാള്‍ അണിയിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് ആറുകാക്കല്‍, വിഎ ജോസഫ്, ടികെ ശശി, യുഎന്‍ മണിക്കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
സംഭവം ഇങ്ങനെ…
കാര്‍ ഇടിച്ചതോടെ വഴിയരികിലെ ട്രാന്‍സ്ഫോര്‍മര്‍ ഒടിഞ്ഞുവീണു പതിച്ചത് കാറിന് മുകളിലാണ്. ചിലന്തിവല പോലെ ചുറ്റും വൈദ്യുതിവിതരണകമ്പികളായി. ഡ്രൈവര്‍ വാതില്‍ തുറക്കാനും വയ്യാത്ത അവസ്ഥ. കാറിന്റെ മുന്‍വശത്ത്നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് സമീപവാസിയായ എബി രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിന്റെ പിന്‍വശത്തെ ഗ്ലാസ് കൈക്ക് ഇടിച്ച് പൊട്ടിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടയില്‍ കൈക്ക് മുറിവേല്‍ക്കുകയും ചെയ്തു.