വെളിയന്നൂര്‍: കോട്ടയം വെളിയന്നൂരില്‍ റോഡില്‍ വളര്‍ത്തുനായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ടു വനിതാ ഡ്രൈവര്‍ മരിച്ചു. കരുനെച്ചി ശങ്കരാശ്ശേരില് വിജയമ്മ (54) ആണു മരിച്ചത്.
ഉഴവൂര്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ ആറു വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചുവരികയായിരുന്നു വിജയമ്മ. വെളിയന്നൂര്‍-മംഗലത്താഴം റോഡില്‍ പടിഞ്ഞാട്ടേല്പീടിക ഭാഗത്ത് ഇന്നലെ രാവിലെ 6.45നായിരുന്നു അപകടം. വളര്‍ത്തുനായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണ് ഓട്ടോറിക്ഷ വീണത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷ ഉയര്‍ത്തി വിജയമ്മയെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉഴവൂരില്‍ നിന്ന് അതിഥിത്തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴാണ് അപകടം. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മൂന്ന് അതിഥിത്തൊഴിലാളികള്‍ സാരമായി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈ അപകടത്തിന് തൊട്ടുമുന്‍പ് യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു കുറുകെയും ഈ ഭാഗത്തു വച്ച് നായ ചാടിയെങ്കിലും യാത്രക്കാരന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വിജയമ്മയുടെ സംസ്കാരം ഇന്ന് നടത്തും. ഭര്‍ത്താവ് സോമന്. മക്കള്‍: ശ്രീജ, ശ്രുതി. മരുമക്കള്‍: സജിനു (ഇലഞ്ഞി), ഷാല്‍ (മൂവാറ്റുപുഴ).