കൊച്ചി: വീല്‍ചെയറിലാണെങ്കിലും വീട്ടിലിരിക്കാതെ ലോകംചുറ്റി പര്‍വീന്ദര്‍ ചൗള എന്ന അന്പത്തൊന്പതുകാരി ലോകത്തിന് പ്രചോദനമാകുന്നു. മുംബൈ മുതല്‍ കന്യാകുമാരി വരെ നീളുന്ന യാത്രയുടെ ഭാഗമായി പര്‍വീന്ദര്‍ കഴിഞ്ഞ ദിവസം കൊച്ചിയിലും എത്തിയിരുന്നു.
തന്റെ ഓട്ടമാറ്റിക് കാര്‍ സ്വയം ഓടിച്ചാണ് യാത്ര. കൂടെ സുഹൃത്തായ വിഡിയോഗ്രഫറുമുണ്ട്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ കൊച്ചി ദൈവത്തിന്റെ ഏറ്റവും സ്പെഷല്‍ സ്ഥലമാണെന്നാണ് പര്‍വീന്ദര്‍ ചൗളയുടെ അഭിപ്രായം. കേരളത്തില്‍ കോഴിക്കോടും ആലപ്പുഴയിലും കൊച്ചിയിലുമാണു ഇവര്‍ താമസിച്ചത്.
കായലോരങ്ങളും ബോട്ട് യാത്രകളും ഏറെ മോഹിപ്പിച്ചു. റോഡുകളിലും പാതയോരങ്ങളിലുമെല്ലാം കൊച്ചിയിലെ നല്ലവരായ ആളുകളുടെ അകമഴിഞ്ഞ സഹായം ലഭിച്ചതായും പര്‍വീന്ദര്‍ പറഞ്ഞു. ഭക്ഷണവും വളരെ ഇഷ്ടമായി. ഇടിയപ്പവും ചിക്കന്‍ സ്റ്റൂവുമാണ് ഏറെ ഇഷ്ടമായത്. രണ്ടാം തവണയാണ് കൊച്ചി സന്ദര്‍ശിക്കുന്നത്. 10 വര്‍ഷം മുന്‍പ് ചികിത്സയുടെ ഭാഗമായി വന്നിട്ടുണ്ട്. പുരിയും കേദര്‍നാഥും രാമേശ്വരവും മംഗളൂരുവും ഉജ്ജയിനുമെല്ലാം കഴിഞ്ഞ മാസങ്ങളില്‍ സന്ദര്‍ശിച്ചു. ട്രക്കിങ്ങും നീന്തലും സ്കേറ്റിങ്ങും സ്കീയിങ്ങും പാരാഗ്ലൈഡിങും നടത്തി.
ലുധിയാനയില്‍ ജനിച്ച പര്‍വീന്ദര്‍ മുംബൈയിലും ഡല്ഹിയിലുമായാണു വളര്‍ന്നത്. 15-ാം വയസ്സില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ചതോടെ ജീവിതം വീല്ചെയറിലാവുകയായിരുന്നു. എന്നാല്‍ ലോകം മുഴുവനും യാത്ര ചെയ്യണമെന്ന ആഗ്രഹം പര്‍വീന്ദര്‍ ഉപേക്ഷിച്ചില്ല. ഇതുവരെ 58 രാജ്യങ്ങളില്‍ ഇവര്‍ യാത്ര ചെയ്തു. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും യാത്ര ചെയ്തു.
‘വീല്‍ചെയര്‍ ആന്‍ഡ് ഐ’ എന്ന ഇവരുടെ വ്ലോഗിനു വലിയ സ്വീകാര്യതയാണുള്ളത്. ഊര്‍ജസ്വലതയും മനസ്സുമുണ്ടെങ്കില്‍ വേദനകളെല്ലാം മറക്കാനാകുമെന്നും ജീവിതം ഹോളി പോലെ നിറമുള്ളതാക്കാമെന്നും പര്‍വീന്ദര്‍ പറയുന്നു. യാത്രകള്‍ മുടങ്ങിയ കൊവിഡ് കാലത്തും കാറില്‍ രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലൂടെ ഇവര്‍ സഞ്ചരിക്കുകയായിരുന്നു.