പറവൂര്‍: പറവൂര്‍ മേഖലയില്‍ കള്ളന്മാരുടെ ശല്ല്യം കൂടുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന് കയറിയതായി പരാതി. ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ ഉന്നം വെച്ചാണ് മോഷ്ടാക്കള്‍ കയറുന്നത്.
ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറത്ത് ഒരു വീട്ടിലും കോട്ടയില്‍ കോവിലത്തെ 3 വീടുകളിലും നഗരത്തില്‍ പള്ളിത്താഴത്തുള്ള എംപിജെ നമ്പൂതിരി ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സ്ഥാപനത്തിലുമാണു കള്ളന് കയറിയത്. വീടുകളെല്ലാം ആള്‍ത്താമസം ഇല്ലാത്തതാണ്. എല്ലാ വീടുകളുടെയും വാതില്‍ കുത്തിത്തുറന്നാണു മോഷ്ടാവ് അകത്തു കടന്നത്.
വടക്കുംപുറത്തു തോട്ടപ്പിള്ളി തമ്പിയുടെ വീട്ടിലെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണമോതിരം, ബ്രേസ്ലറ്റ്, പഴ്സ്, വാച്ച് ഉള്‍പ്പെടെ ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. കോട്ടയില്‍ കോവിലകത്തു 3 വീടുകള്‍ കുത്തിത്തുറന്നെങ്കിലും കാര്യമായൊന്നും നഷ്ടമായിട്ടില്ല.
ഞായറാഴ്ച രാത്രിയാണു പള്ളിത്താഴത്തുള്ള എംപിജെ നമ്പൂതിരി ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സ്ഥാപനത്തില്‍ മോഷണം നടന്നത്. ഓഫിസിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട മോഷ്ടാവ് 35,000 രൂപ മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ 2 മോഷ്ടാക്കളെ കാണാം.
അതേസമയം, ഒരാഴ്ച മുന്‍പ് വൈപ്പിനിലെ നായരമ്പലം മാനാട്ടുപറമ്പ് ഭാഗത്തു കൃഷ്ണകുമാറിന്റെ വീട്ടിലും മോഷണം നടന്നു. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കൃഷ്ണകുമാര്‍ പറഞ്ഞു. മോഷ്ടാക്കള്‍ മേഖലയില്‍ സജീവമാകുകയാണോയെന്ന ആശങ്ക ശക്തമാണ്.
മോഷണത്തിനായി ഒരു സംഘം തന്നെ നാട്ടില്‍ എത്തിയിട്ടുണ്ടോയെന്നു പോലീസ് സംശയിക്കുന്നു. മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു പോലീസ് അറിയിച്ചു. മോഷണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എത്രയും വേഗം മോഷ്ടാക്കളെ പിടികൂടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.