കോണ്‍ഗ്രസുകാര്‍ക്ക് മൂന്ന് നിറങ്ങളുള്ള പുട്ട്, സിപിഎമ്മിന് ചെങ്കൊടിപ്പുട്ട്, ബിജെപിക്ക് കാവിപ്പുട്ട്, ലീഗിന് പച്ചപ്പുട്ട് തെരഞ്ഞെടുപ്പ് അടുത്തതൊടെ പുട്ടിനും രാഷ്ട്രീയം കലര്‍ത്തി ഹിറ്റായിരിക്കുകയാണ് സുള്‍ഫിക്കറിന്റെ ആമിനാസ് പുട്ട് കട. എല്ലാ പതാകകളുടേയും നിറത്തില്‍ പുട്ട് ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല സുള്‍ഫിക്കറിന്റെ പുട്ട് വിശേഷങ്ങള്‍. ആമിനാ പുട്ടുകടയില്‍ 63 ല്‍ പരം പുട്ട് രുചികള്‍ ലഭ്യമാണ്.
തിരുവനന്തപുരത്തെ കുറ്റിച്ചാലിലാണ് ആമിനാസ് പുട്ട് കട സ്ഥിതിചെയ്യുന്നത്. പുട്ട് കട തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ തന്നെ എന്തെങ്കിലും പ്രത്യേകത വേണമെന്ന് സുല്‍ഫിക്കര്‍ ചിന്തിച്ചിരുന്നു. അതോടെയാണ് പുട്ട് മാവിനൊപ്പം ക്യാരറ്റ്, പച്ചിലകള്‍, ബീറ്റ്രൂട്ട്, ചോളം എന്നിവ ചേര്‍ത്ത് പുട്ടുണ്ടാക്കിയത്. ഷെഫ് സുള്‍ഫിക്കറാണ് ഇവിടുത്തെ രുചിക്കൂട്ടൊരുക്കുന്നത്.
അഗസ്ത്യ മലയുടെ താഴ്വരയില് നിന്നും കിട്ടുന്ന അപൂര്‍വ്വയിനം പച്ചിലകൂട്ട് ചേര്‍ത്ത പച്ചിലപുട്ട് ഇവിടുത്തെ സൂപ്പര്‍ താരമാണ്. ഇതുകൂടാതെ, ബിരിയാണി പുട്ട്, ഇറച്ചി പുട്ട്, ചോള പുട്ട്, കാരറ്റ് പുട്ട്, ബീറ്റ്റൂട്ട് പുട്ട്, നാടന്‍ പച്ചരി പുട്ട് , പുന്നെല്ല് പുട്ട്, തേങ്ങാപ്പീര പുട്ട് , ഓടയ്ക്ക പുട്ട്, മിക്സ്ചര്പുട്ട്, അരി പുട്ട്, ഗോതമ്പു പുട്ട്, റവ പുട്ട്, പപ്പായ പുട്ട്, ഷുഗര്‍ പുട്ട്, ചോക്ലേറ്റ് പുട്ട്, ചെമ്മീന്‍ പുട്ട്, തേന്‍ പുട്ട്, പൊറോട്ട പുട്ട് , ഈന്തപ്പഴം പുട്ട് തുടങ്ങി സുള്‍ഫിക്കറിന്റെ സ്പെഷ്യല്‍ സുന്ദരിപ്പുട്ട് വരെയുണ്ട് ആമിന പുട്ടു കടയില്‍.
രുചിയിലും കാഴ്ചയിലും ഏറെ വ്യത്യസ്തമാണ് സുള്‍ഫിക്കറിന്റെ അറുപത്തിമൂന്നില്‍ പരം പുട്ടുകളും. കൃത്രിമമായ കളര്‍ ചേര്ക്കാതെയുളള ഈ പുട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. വിവാഹ സല്‍ക്കാരം തുടങ്ങി പല ആഘോഷങ്ങളിലും താരമാണ് ഇപ്പോള്‍ സുള്‍ഫിക്കറിന്റെ പുട്ടുകളെല്ലാം. കൂടാതെ ആമിന പുട്ടു കടയിലെ വ്യത്യസ്മായ പുട്ട് തേടി വരുന്നവരും കുറവല്ല.