കോയമ്പത്തൂര്‍: സുഹൃത്തുമായി സംസാരിച്ചിരിക്കവെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട്ടിലെ തോപ്പംപടിയിലെ ഗണപതി പാര്ക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാര്‍ത്തിക് (27) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. പാര്‍ക്കില്‍ സുഹൃത്ത് വിഘ്നേഷുമായി സംസാരിച്ചിരിക്കുകയായിരുന്നു പ്രേം കാര്‍ത്തിക്. ഇതിനിടെ പുറകിലൂടെ എത്തിയ ആന പ്രേം കാര്‍ത്തികിനെ തുമ്പിക്കൈകൊണ്ട് എടുത്ത് നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു.
ഇൗ സമയം വിഘ്നേഷ് ഓടി രക്ഷപ്പെട്ടു. പിന്നീട് അധികൃതര്‍ സ്ഥലത്തെത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുമ്പും ഇവിടെ സമാനസംഭവം നടന്നിരുന്നു. പന്നിമട എന്ന സ്ഥലത്ത് ഗണേഷ് എന്ന യുവാവിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. രണ്ട് ദിവസത്തിനിടെ രണ്ട് പേര് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.