തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറയുകയാണ് കേരളം. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയോ ഫ്ളക്സ് ബോര്‍ഡുകളോ ചുവരെഴുത്തോ ബാനറുകളോ, എന്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പോലും ഇല്ല. ഇവിടെ എന്താ തെരഞ്ഞെടുപ്പ് ഇല്ലേ എന്ന് ചോദിച്ചു പോകും.
വാര്‍ഡിലെ പ്രധാന ജംഗ്ഷനായ പരിയാരത്തുപോലും ബോര്‍ഡോ ചുവരെഴുത്തോ ഫോട്ടോയോ ഇല്ല. 25 വര്‍ഷമായി ഈ പ്രദേശം ഇങ്ങനെയാണ്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിതി ഇങ്ങനെയായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്താല്‍ വീടുകളില്‍ വരെ പ്രചാരണ ബോര്‍ഡുകള്‍ നിറയുമായിരുന്നു. ഇപ്പോഴത്തെ ഈ നിശബ്ദതയ്ക്ക് പിന്നിലെ കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തന്നെയാണ്.
തുടര്‍ച്ചായി രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തതോടെ നാട്ടുകാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇനിമുതല്‍ ഈ പ്രദേശത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ചുവരെഴുത്തോ ഫോട്ടോയോ വച്ച് പ്രചരണം നടത്തരുത് എന്നായിരുന്നു സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം. പരിയാരം മാവിന്മുകള് മുതല്‍ കുഞ്ചം വരെ ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ തീരുമാനം 25 വര്‍ഷമായി എല്ലാ പാര്‍ട്ടിക്കാരും പിന്തുടര്ന്ന് വരികയാണ്.
കഴിഞ്ഞ ദിവസം ഇവിടെ സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും അത് കഴിഞ്ഞയുടന്‍ കൊടിയും ചിഹ്നവുമെല്ലാം നീക്കം ചെയ്തു. രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ മാതൃക തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്.