എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും ഇരുന്ന് കാണുന്ന പഴയകാല ചിത്രങ്ങളിലൊന്നാണ് ശ്രീനിവാസനും ജയറാമും തകര്‍ത്തഭിനയിച്ച ‘തലയണമന്ത്രം’. ശ്രീനിവാസന്റെ തന്നെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പാര്‍വതി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ ഉര്‍വശിയുടെ നായിക കഥാപാത്രം വളരെ വ്യത്യസ്തമായിരുന്നു.
ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം ചില അഭിനേതാക്കളില്‍ ഒരാളാണ് ഉര്‍വശി. ഉര്‍വശിയുടെ കാഞ്ചന എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. എന്നാല്‍ ‘തലയണമന്ത്രം’ ഇപ്പൊഴായിരുന്നു റിലീസിനൊരുങ്ങുന്നതെങ്കില് ആരായിരിക്കും കാഞ്ചനയാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ…
കാഞ്ചനയെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടിയെ ഉര്‍വശി തന്നെ കണ്ടെത്തിയിരിക്കുകയാണ്. ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നാണ് ഉര്‍വശി പറഞ്ഞത്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശി മനസ് തുറന്നത്.
‘കാഞ്ചനയെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരുപാട് കുട്ടികള്‍ പുതിയ കാലത്തുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച് എക്സ്പ്രഷന്‍ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു. ‘ഡയമണ്ട് നെക്ലേസ്’ ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്’
ഉര്‍വശി പറയുന്നു.
ഡയമണ്ട് നെക്സെസിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അനുശ്രീ. ഹാസ്യം കൈകാര്യം ചെയ്യാന്‍ അനുശ്രീയ്ക്ക് നല്ല കഴിവുണ്ടെന്നും ഉര്‍വശി പറഞ്ഞു.