പക്ഷികളുടെ പിന്നാലെ പോയി ആമസോണ്‍ മഴക്കാടുകളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ കണ്ടെത്തി. ആറും എട്ടു വയസുള്ള കുട്ടികളെയാണ് മാതാപിതാക്കള്‍ക്ക് തിരികെ കിട്ടിയത്. ഫെബ്രുവരി 18 ന് കാണാതായ കുട്ടികളെ മാര്‍ച്ച് 15 ന് കാട്ടില്‍ മരംവെട്ടാനെത്തിയ വ്യക്തി കണ്ടെത്തുകയായിരുന്നു.
കാട്ടില്‍ കാണാതായ എട്ടുവയസ്സുകാരനായ ഗ്ലെസന്‍ കാര്‍വാലോ റിബേറോയെയും ആറു വയസ്സുകാരനായ ഗ്ലാക്കോ കാര്‍വാലോ റിബേറോയേയുമാണ് കണ്ടെത്തിയത്. ഭക്ഷണം കഴിക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടികളുടെ തൊലിയൊട്ടി അസ്ഥികള്‍ തെളിഞ്ഞ നിലയിലായിരുന്നു.
പക്ഷിയുടെ പിന്നാലെ പോയ കുട്ടികള്‍ കാട്ടില്‍ അകപ്പെടുകയായിരുന്നു. ആമസോണാസിലെ പാല്‍മെയ്റ എന്ന തദ്ദേശീയ ഗോത്രത്തില്‍ പെട്ടവരാണ് കുട്ടികള്‍. ഇവരെ കാണാതായശേഷം കുറച്ചുദിവസങ്ങള്‍ പൊലീസും അഗ്നിശമന സേനയും വലിയ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമില്ലെന്ന നിഗമനത്തില്‍ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുട്ടികളുടെ ഗോത്രമായ പാല്‍മെയ്റയിലെ അംഗങ്ങള്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആ തിരച്ചിലാണ് ഒടുവില്‍ സഫലമായത്. കുട്ടികളെ കണ്ടെത്തിയ വിവരം ഉടന്‍ തന്നെ പുറംലോകത്തെ അറിയിച്ച പ്രദേശവാസി ഇവരെ ടൗണ്‍ഹാളിലെത്തിച്ചു. വിമാനമാര്‍ഗം ആമസോണാസിന്റെ തലസ്ഥാന നഗരമായ മനാവൂസിലെത്തിച്ച ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്കി.