പ്രണയിക്കാന്‍ പ്രായമൊരു തടസ്സമല്ലെന്ന് പറയുകയാണ് കാമുകീകാമുന്മാരായ 20കാരിയും 77 കാരനും. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകീകാമുകന്മാര് വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബര്‍മീസ് വിദ്യാര്‍ത്ഥിനിയായ ജോയും ഇംഗ്ലണ്ടില്‍ നിന്നുള്ള സംഗീത നിര്‍മ്മാതാവ് ഡേവിഡുമാണ് വിവാഹിതരാകാന്‍ പോകുന്നത്.
ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റിലാണ് ഇരവരും കണ്ടുമുട്ടിയത്. 18 മാസമായി പ്രണയത്തിലായിട്ട്. എന്നാല്‍ ഇരുവരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. മ്യാന്മറില് യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാലാണ് അവര്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ കഴിയാഞ്ഞത്.
ജോയ്ക്ക് വിസയും പാസ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാല്‍ തമ്മില്‍ കണ്ടുമുട്ടാനും വിവാഹിതരാകാനും ഒരുങ്ങുകയാണ് അവര്‍. ജോ ഓണ്‍ലൈനില്‍ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന് കഴിയുന്ന ഒരാളെ തിരയുകയായിരുന്നു. ഡേവിഡാകട്ടെ ഒരു നേരംപോക്കിന് സമയം കൊല്ലാന്‍ ഒരാളെ കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു.
അങ്ങനെ അവര്‍ തമ്മില്‍ പരിചയപ്പെട്ടു. അതിനുശേഷം ഇരുവരും തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്നതിനായി ജോ തന്റെ ഡേറ്റിംഗ് പ്രൊഫൈലില്‍ മ്യാന്മറിന് പകരം യുകെ എന്നാണ് കൊടുത്തിരുന്നത്.
‘ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പമല്ല താമസിക്കുന്നത്. അതിനാല്‍ എന്റെ പഠനത്തിന് സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുന്ന ഒരാളെ ഞാന്‍ അതില്‍ തിരഞ്ഞു. അതിനാണ് ഞാന്‍ പ്രൊഫൈല്‍ ഉണ്ടാക്കിയത്. എന്നാല്‍ പക്ഷേ ഡേവിഡുമായി ഞാന്‍ അറിയാതെ പ്രണയത്തിലാവുകയായിരുന്നു’ ജോ പറഞ്ഞു.
തനിക്ക് കാഴ്ചയില്‍ മാത്രമാണ് പ്രായമുള്ളതെന്നും, മനസ്സ് കൊണ്ട് താന്‍ ഇപ്പോഴും ചെറുപ്പമാണെന്നും ഡേവിഡ് പറയുന്നു. തനിക്ക് ചെറുപ്പക്കാരായ സുഹൃത്തുക്കള്‍ ധാരാളം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1980 -കളില്‍ ഡേവിഡ് വിവാഹിതനായിരുന്നു. പിന്നീട് ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം തനിച്ച് തുടരുകയാണ്.