തന്റെ വീടിന് അടിയില്‍ പാമ്പുകളുണ്ടോയെന്ന സംശയത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കാലങ്ങളായി വസിക്കുന്ന ഉഗ്രവിഷമുള്ള ഡസന്‍ കണക്കിന് റാറ്റില്‍ സ്നേക്കുകളെയാണ് കാലിഫോര്‍ണിയ സ്വദേശിയായ ഒരു സ്ത്രീ കണ്ടത്.
സാക്രമെന്റോയുടെ പടിഞ്ഞാറ് ഭാഗത്തെ സൊനോമ കൗണ്ടി എന്ന പ്രദേശത്ത് കഴിയുന്ന ഈ സ്ത്രീ, കഴിഞ്ഞയാഴ്ചയാണ് തന്റെ വീട്ടിനുള്ളില്‍ പതിയിരുന്ന അപകടകരമായ രഹസ്യത്തെക്കുറിച്ച് അറിഞ്ഞത്. സോനോമ കൗണ്ടി റെപ്റ്റൈല്‍ റെസ്ക്യൂയിലെ അലന് വുള്‍ഫ് ഫേസ്ബുക്കില്‍ ഈ സംഭവത്തെക്കുറിച്ച് ചിത്രങ്ങളോട് കൂടി പോസ്റ്റ് ചെയ്തിരുന്നു.
”കഴിഞ്ഞയാഴ്ച ഒരു സ്ത്രീ എന്നെ വിളിക്കുകയുണ്ടായി. അവരുടെ വീടിനടിയില്‍ പാമ്പുകളുണ്ടെന്നാണ് അവര്‍ പറഞ്ഞത്. അവിടെയെത്തി മൂന്ന് മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന പരിശോധനയ്ക്കൊടുവില്‍ ഞാന്‍ പുറത്തിറങ്ങിയത് 22 മുതിര്‍ന്നതും 59 കുഞ്ഞുങ്ങളുമായ പാമ്പുകളെയും കൊണ്ടാണ്.”, അലന് വുള്‍ഫ് പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. അതിനുശേഷം അദ്ദേഹം രണ്ടുതവണ ആ വീട്ടില്‍ തിരിച്ചെത്തിയതായും ഏഴ് പാമ്പുകളെ വീണ്ടും കണ്ടെത്തിയതായും കാലിഫോര്‍ണിയ ദിനപ്പത്രമായ ദി സാക്രമെന്റോ ബീ (The Sacramento Bee) റിപ്പോര്‍ട്ടു ചെയ്യുന്നു.