ന്യൂയോര്‍ക്ക്: വിവാഹത്തിന് ഭക്ഷണം നല്‍കാത്തതില്‍ ക്ഷുഭിതയായ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോകള്‍ മുഴുവന്‍ കളഞ്ഞു. അമേരിക്കന്‍ ഓണ്‍ലൈന്‍ ചര്‍ച്ച പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രാഫറായ യുവതി തന്റെ അനുഭവം പങ്കുവച്ചത്.
സോഷ്യല്‍മീഡിയയില്‍ യുവതി പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടതോടെ ഒരു സുഹൃത്ത് ഇവരോട് തന്റെ വിവാഹ ഫോട്ടോ എടുക്കാനായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹ ഫോട്ടോഗ്രാഫിയില്‍ താന്‍ പരിചിതയല്ലെന്ന് പറഞ്ഞിട്ടും സുഹൃത്ത് വിട്ടില്ല. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ഈ ദൗത്യം യുവതി ഏറ്റെടുത്തു.
വിവാഹ ദിവസം വന്നെത്തി വധുവിനൊപ്പം വിവിധ സ്ഥലങ്ങളില്‍ പോയി രാവിലെ മുതല്‍ ഔട്ട്ഡോര്‍ ഷൂട്ടിലായിരുന്നു യുവതി. ഒടുവില്‍ സത്കാര സമയത്താണ് സംഭവം കൈവിട്ടത്. രാവിലെ 11 മണിക്ക് തുടങ്ങിയ വിവാഹ പരിപാടികള്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്.
സത്കാരത്തിന്റെ സമയത്ത് വൈകുന്നരം അഞ്ച് മണിയോടെ ചടങ്ങില്‍ ഭക്ഷണം വിളമ്പി തുടങ്ങി. എന്നാല്‍ വിവാഹഫോട്ടോകള്‍ എടുക്കേണ്ടതിനാല്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അവര്‍ അനുവദിച്ചില്ല. യുവതി ആകെ ക്ഷീണിതയായിരുന്നു. മാത്രമല്ല, വിവാഹ വേദിയില്‍ സഹിക്കാന്‍ കഴിയാത്ത ചൂടായിരുന്നു.
എസിയും ഉണ്ടായിരുന്നില്ല. ഇതോടെ ആകെ നിരാശയിലായി. ഇരുപത് മിനുട്ട് ഇടവേള തന്നാല്‍ താന്‍ ആഹാരം കഴിച്ചുവരാം എന്ന് വരനോട് പറഞ്ഞു, അയാള്‍ അതിന് സമ്മതിച്ചില്ല. ഒരു ഗ്ലാസ് വെള്ളം പോലും കിട്ടിയില്ല, എന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി വെള്ളവും തീര്‍ന്നു പോയിരുന്നു.
എന്നിട്ടും ജോലി തുടരാന്‍ അവര്‍ നിര്‍ബന്ധിച്ചു. പ്രതിഫലം തരില്ലെന്ന് പറഞ്ഞു. ഇതോടെ രോഷം സഹിക്കാതെ വരന്റെ മുന്നില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞുവെന്ന് യുവതി റെഡ്ഡിറ്റില്‍ കുറിച്ചു.