വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു മലയാളിയും കൊല്ലപ്പെട്ടെന്ന് നിഗമനം. ഭര്‍ത്താവിനൊപ്പം ന്യൂസിലാന്റില്‍ താമസമാക്കിയ അന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട അന്‍സി അലി. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡിലേക്ക് പോയത്.
ഭര്‍ത്താവിനൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വെടിവയ്പില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് യുവതി മരിച്ചതായ വിവരം പുറത്തുവന്നത്.
ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസിലന്റിലെ രണ്ട് ഇടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കില്‍ എട്ടു പേരുമാണു കൊല്ലപ്പെട്ടത്