വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കുമെന്ന ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെയാണ് ട്രംപ് നിരാശ പ്രകടിപ്പിച്ചത്.
ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനുള്ള വിക്ഷേപണതറ വീണ്ടും സജ്ജീകരിക്കുന്നതായി ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി ഉപഗ്രഹ ചിത്രങ്ങളുമായി വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഈ വാര്‍ത്ത വാസ്തവമെങ്കില്‍ തനിക്ക് അതില്‍ നിരാശയുണ്ടെന്നാണ് ട്രംപ് അറിയിച്ചത്.
ലോകത്തിലെ തന്നെ ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനായുള്ള കേന്ദ്രമാണ് തൊങ്ചാങ് റിലെ സൊഹെ സാറ്റ് ലൈറ്റ്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ആദ്യ കൂടിക്കാഴ്ചയില്‍ സൊഹെ സാറ്റ് പൊളിച്ചുനീക്കുമെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.
വിയറ്റ്നാമില്‍ വെച്ച് ഇരുവരും തമ്മില്‍ നടന്ന രണ്ടാം കൂടിക്കാഴ്ച പരാജയമായതിന് പിന്നാലെയാണ് ഉത്തരകൊറിയ നിലപാട് മാറ്റിയത്. ഉത്തരകൊറിയയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്ന അമേരിക്കയും ഉത്തരകൊറിയയും തമ്മിലുളള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.