കോഴിക്കോട്: കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഞായറാഴ്ച്ചകളില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
ഇത് സംബന്ധിച്ച ഉത്തരവ് കോഴിക്കോട് കളക്ടര്‍ പുറത്തിറക്കി. ജില്ല കളക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള പുതിയ തിരുമാനങ്ങള്‍ എടുത്തത്. ജില്ലയില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച്ചകളില്‍ ഒത്തു ചേരല്‍ പാടില്ലെന്ന് നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നെങ്കിലും വിവാഹ ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ 20 പേര് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.
പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെക്കാള്‍ കൂടുതലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പലയിടത്തെയും പോസ്റ്റിവിറ്റി നിരക്കെന്നതാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടത്തെ എത്തിച്ചിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്.