കളമശ്ശേരി: അറുപത്തിയോന്നാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് വൃക്ക പകുത്തുനല്കി മാതൃകയാകാനൊരുങ്ങി അച്ഛന്. ഇരുവൃക്കയും തകരാറിലായ മൂത്തമകള്‍ ലിജിന്‍ സംഗീതിന് നടനും അവതാരകനുമായ കളമശ്ശേരി സ്വദേശി ലീലാകൃഷ്ണനാണ് വൃക്ക നല്‍കാനൊരുങ്ങുന്നത്.
തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്ന ലിജിന്‍ വൃക്ക നല്കാന് ഭര്‍ത്താവ് സുഗീതും സഹോദരി ഡിഫിനും തയ്യാറായിരുന്നു. എന്നാല്‍, ക്രോസ് മാച്ച് ചെയ്ത ലീലാ കൃഷ്ണന്റെ വൃക്ക എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ എല്ലാവരുടേയും പിന്തുണയോടെ മകള്‍ക്ക് വൃക്ക നല്‍കുന്നതോടെ ലിജിനെ ജീവിതത്തിലേക്ക് തിരിച്ച് നടത്താമെന്ന പ്രതീക്ഷയിലാണ് ലീലാകൃഷ്ണന്.
അഞ്ചുവര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവയവദാനത്തിന്റെ സന്ദേശവാഹകനാകാന്‍ കഴിഞ്ഞതിലും ചാരിതാര്‍ഥ്യമുണ്ടെന്ന് ലീലാകൃഷ്ണന് പറഞ്ഞു. അമൃത ആശുപത്രിയില്‍ 24ന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കും.
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ എംഎസ്ഡബ്ല്യു ബിരുദധാരിയും മഹാരാജാസ് കോളജിലെ മുന്‍ വൈസ് ചെയര്‍പഴ്സനുമാണ് ലിജിന്‍. കോളജിലെ എന്‍എസ്എസ് സെക്രട്ടറിയും നര്‍ത്തകിയുമായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ സോഷ്യല്‍ വര്‍ക്കില്‍ പിഎച്ച്ഡി ചെയ്യുന്നു.