കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ്കുമാറിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പുറമെ ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐപിഎസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ രാഷ്ട്രീയധര്‍ണയില്‍ വേദിപങ്കിട്ടുവെന്ന ആരോപണമുന്നയിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്ക് ഒരുങ്ങുന്നത്.
ഡിജിപി ബീരേന്ദ്രയെക്കൂടാതെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അനുജ് ശര്‍മ, മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള വിനീത് ഗോയല്‍, കൊല്‍ക്കത്ത പോലീസ് അഡീ. കമ്മിഷണര്‍ സുപ്രതിം സര്‍ക്കാര്‍, ബിധാന്‍ നഗര്‍ കമ്മിഷണര്‍ ജ്ഞാന്ബന്ത് സിങ് എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് സാധ്യത. ഇതുവരെയുള്ള സര്‍വീസ് മെഡലുകളും മറ്റ് പുരസ്കാരങ്ങളും തിരിച്ചെടുക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
ആരോപണവിധേയരായവരില്‍ രാഷ്ട്രപതിയുടേതടക്കം സര്‍വീസ് മെഡല്‍ നേടിയവരുണ്ട്. ഇതെല്ലാം തിരിച്ചെടുക്കുന്നത് കൂടാതെ കേന്ദ്ര ഏജന്‍സികളുടെ സേവനത്തിനായുള്ള എംപാനല്‍ പട്ടികയില്‍നിന്ന് ഇവരുടെ പേരുകള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്.