മുംബൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് സഹായഹസ്തവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍. മിഷന് ഓക്സിജന്‍ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു.
ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ ഒരു കോടി രൂപയാണ് സച്ചിന് സംഭാവന ചെയ്തത്. കൊവിഡ് രണ്ടാം തരംഗം ആരോഗ്യ രംഗത്തെ കനത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നും ഗുരുതര നിലയിലുള്ളവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കുകയെന്നതാണ് ഈ മണിക്കൂറുകളിലെ ആവശ്യമെന്നും സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
‘സാഹചര്യത്തിന് അനുസരിച്ച് ആളുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നത് ഹൃദയസ്പര്‍ശിയാണ്. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്ത് രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ക്ക് സംഭാവന ചെയ്യുന്നതിന് 250 ലധികം യുവ സംരംഭകര്‍ മിഷന് ഓക്സിജന്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുകയാണ്. അവരുടെ ദൗത്യത്തിന് സഹായമായി ഞാനും സംഭാവന നല്കി. രാജ്യത്തെ കൂടുതല്‍ ആശുപത്രികള്‍ക്ക് ആവരുടെ സഹായമെത്തുമെന്നു പ്രത്യാശിക്കുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. വിജയിക്കാന്‍ അതെനിക്കു സഹായമായി. ഈ മഹാമാരിയെ നേരിടാന്‍ പ്രയത്നിക്കുന്ന ഓരോരുത്തര്‍ക്കും പിന്തുണയുമായി നമ്മള് ഒറ്റക്കെട്ടായി ഒപ്പമുണ്ടാകണം’
എന്ന് സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് പ്രതിരോധത്തിനു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് 37 ലക്ഷം രൂപയും ഓസീസ് മുന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്കോയിനും (ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 40 ലക്ഷം രൂപ) സംഭാവനയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.