കൊടുങ്ങല്ലൂര്‍: കല്ല്യാണമൊന്നും ഒരു പ്രശ്നമേയല്ല. വോട്ട് ചോദിക്കല്‍ മുറപോലെ നടക്കും. കതിര്‍മണ്ഡപത്തില്‍ നിന്നു സുഹൃത്തിനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു നവദമ്പതികള്‍ പ്രചാരണ രംഗത്ത്.
നഗരസഭ കക്കമാടന്‍ തുരുത്ത് വാര്‍ഡിലാണ് സംഭവം. വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ ഒന്നിച്ചു നിന്നവര്‍ ജീവിതത്തിലും ഒന്നായപ്പോള്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച എഐവൈഎഫ് കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി വിഎസ് ദിനിലിനു വേണ്ടിയാണ് നവദമ്പതികളായ സുഹൃത്തുക്കള്‍ വോട്ട് അഭ്യര്‍ഥിച്ച് ഇറങ്ങിയത്.
എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമാരാണ് ആനാപ്പുഴ സ്വദേശിയുമായ നവ്യ തമ്പിയും ചേലക്കര സ്വദേശി സുനിലും. താലികെട്ടു കഴിഞ്ഞ ഇരുവരും ആനാപ്പുഴ പണ്ഡിറ്റ് കറുപ്പന് മെമ്മോറിയല്‍ ഹാളില്‍ നിന്നു പുറത്തിറങ്ങി കക്കമാടന്‍ തുരുത്തിലെ വീടുകളിലേക്കു ഇറങ്ങി. ഒപ്പം സ്ഥാനാര്‍ത്ഥി ദിനിലും. ദിനിലിന്റെ അഭ്യര്‍ഥനയും വീടുകളില്‍ നല്‍കിയാണു മടങ്ങിയത്.
സിപിഐയില്‍ നിന്നു രാജിവെച്ചു യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന റസോജ ഹരിദാസും എന്‍ഡിഎയിലെ ധനേഷ് കെ. ധര്മനുമാണ് കക്കമാടന്‍ തുരുത്ത് വാര്‍ഡില്‍ ദിനിലിന്റെ എതിര് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവ്യ തമ്പി 39 വോട്ടിനു കോണ്‍ഗ്രസിലെ ഗീതാദേവിയോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്ക് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹോമിയോ ഡോക്ടര്‍ എംഎ സാദത്ത് തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും രോഗികളെ പരിശോധിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ രാപ്പകലില്ലാതെ വോട്ട് തേടി അലയുമ്പോള്‍ ക്ലിനിക്കിന് അവധിയില്ലാതെ ഡോക്ടര്‍ സാധാരണപോലെ പരിശോധന നടത്തുകയാണ്.
ബാലരാമപുരത്തെ എകെ ഹോസ്പിറ്റലില്‍ തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ ഇല്ല. നാമനിര്‍ദേശ പത്രിക നല്കിയ ശേഷവും രാവിലെയും വൈകിട്ടും ഡോക്ടര്‍ ക്ലിനിക്കിലുണ്ട്. വീട്ടിലെത്തി രോഗികളെ പരിശോധിക്കുന്ന ഈ ഡോക്ടര്‍ നാട്ടുകാര്‍ക്ക് ഡോക്ടര്‍ ബ്രോയാണ്. ക്ലിനിക്കിലുള്ളപ്പോള് താന്‍ നാട്ടുകാരുടെ ഡോക്ടര്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു.