ചിറയിന്‍കീഴ്: സുജറാണി പുലിയാണ്, അബുദാബിയിലെ മലയാളി പെണ്‍പുലി..! അബുദാബി എമിറേറ്റ്സിലെ ഹെവി ലൈസന്‍സുള്ള ആദ്യ മലയാളി വനിതയെന്ന ഖ്യാതി ഇനി ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശിനി സുജറാണിക്ക് സ്വന്തം.
അബുദാബിയിലെ ജെംസ് യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്കൂളില്‍ സ്കൂള്‍ ബസുകളുടെ സൂപ്പര്‍വൈസറായിരുന്ന 36കാരി സുജ ഇനി മുതല്‍ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ബസ് ഓടിക്കും. ബ്രിട്ടീഷ് ക്ലബ്ബില്‍ ജീവനക്കാരനായ ഭര്‍ത്താവ് സന്തോഷിനോടൊപ്പം അഞ്ചു വര്‍ഷം മുന്‍പു അബുദാബിയിലെത്തിയതാണു സുജ.
സ്കൂളില്‍ നൂറിലധികം സ്കൂള്‍ ബസുകളുടെ മേല്‍നോട്ടമാണ് ജോലി. അന്നു തൊട്ട് മനസില്‍ കൊതിച്ച ആഗ്രമാണ് ബസ് ഓടിക്കണം എന്നത്. സുജയുടെ ഏറെ നാളത്തെ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ 26നു അധികൃതര്‍ ഡ്രൈവിംങ് ലൈസന്‍സ് കൈമാറി.
അഴൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി കോവില്നടയ്ക്കു സമീപം ഏറത്തുവീട്ടില്‍ പരേതനായ സുദര്‍ശനന്റെയും അമ്മിണിയുടേയും മകളാണു സുജാറാണി. സന്തോഷും പെരുങ്ങുഴി സ്വദേശിയാണ്.