കഴക്കൂട്ടം: റസിഡന്‍സ് അസോസിയേഷന് ഭാരവാഹിയെ കഴക്കൂട്ടം പോലീസ് ലാത്തി കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ കഴക്കൂട്ടം എസ്ഐ എസ് വിമലിന് സസ്പെന്ഷന്. സിറ്റി പോലീസ് കമ്മീഷണര്‍ ആണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ കഴക്കൂട്ടം രാമചന്ദ്ര നഗര്‍ നന്ദനത്തില്‍ യുവി ഷിബു കുമാറിനാണ് (40) മര്‍ദനമേറ്റത്. പണി നടക്കുന്ന വീട്ടില്‍ വന്നു മടങ്ങവേ കാറിലെത്തിയ പോലീസ് സംഘമാണ് ഷിബുവിനെ ലാത്തി കൊണ്ട് അടിച്ചത്. മുതുകിലും തോളിലും ഇടുപ്പിലും അടിയുടെ പാടുണ്ട്.
‘ വീട്ടില്‍ കയറി പോടാ’ എന്ന് ആക്രോശിച്ചുകൊണ്ട് തന്നെ മര്‍ദ്ദിച്ചുവെന്നാണ് ഷിബുകുമാര്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ക്ക് പരാതി നല്‍കിയത്. എസ് വിമലും മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. മര്‍ദനമേറ്റ ഷിബു ചികിത്സയിലാണ്.
അതേസമയം കഴക്കൂട്ടം മേല്‍പാലത്തിനു താഴെ സാമൂഹിക വിരുദ്ധ സംഘത്തിന്റെ ശല്യമുണ്ടെന്ന് പരാതി ലഭിച്ചുവെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥലത്ത് പോയതെന്നും പോലീസ് പറഞ്ഞു. ചിലരെ വിരട്ടി ഓടിച്ചതല്ലാതെ ഷിബുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് വാദം.