നെയ്യാറ്റിന്‍കര: വീട്ടുവളപ്പില്‍ കയറിയ കോഴിയെ ഓടിച്ചതിന് വീട്ടമ്മയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു. വീട്ടുവളപ്പില്‍ കയറിയ അയല്ക്കാരന്റെ കോഴിയെ ഓടിച്ചതിന്റെ പേരില്‍ വീട്ടമ്മയെ കല്ലെറിഞ്ഞതായാണ് പരാതി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കല്ലേറില്‍ തലയ്ക്കു സാരമായി പരുക്കേറ്റ പെരുങ്കടവിള പാല്‍ക്കുളങ്ങര തേക്കേക്കര പുത്തന്‍വീട്ടില്‍ ബാബുവിന്റെ ഭാര്യ റെനിമോള്‍ (38) നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സ തേടി. 17 വയസ്സുള്ള മകനും കല്ലേറില്‍ പരുക്കുണ്ട്. റെനിമോളുടെ തലയില്‍ 4 തുന്നിക്കെട്ടുണ്ട്. മകന്റെ നെഞ്ചിലാണ് പരുക്ക്.
വീട്ടുവളപ്പില്‍ കയറിയ കോഴി മടങ്ങിപ്പോകാന്‍ വേണ്ടിയാണ് ഓടിച്ചതെന്ന് റെനിമോള്‍ മാരായമുട്ടം പോലീസിനു മൊഴി നല്കി. എന്നാല്‍ കോഴിയെ ഉപദ്രവിക്കുകയാണെന്നു കരുതി അയല്‍വാസി വലിയ കല്ലുകള്‍ കൊണ്ടു തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് അവര്‍ വിശദീകരിച്ചു.