തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്സിന് സൗജന്യമായി നല്കുന്നു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപറേറ്റിവ് ആശുപത്രി സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സീന് നേരിട്ടു വാങ്ങിയാണ് ജീവനക്കാര്‍ക്കായി വിതരണം ചെയ്യുന്നത്.
ഒരു ഡോസിന് 790 രൂപ നിരക്കിലാണ് വാക്സീന് വാങ്ങിയത്. ഇവ ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുക. ചെലവ് അതതു കമ്പനികളാണ് വഹിക്കുന്നത്. ആദ്യ ബാച്ച് 8ന് എത്തും. ആദ്യ ബാച്ചില്‍ 25,000 ഡോസുകളാണുള്ളത്.
10 മുതല്‍ വിതരണം ആരംഭിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് ആര് ബിനു പറഞ്ഞു. ഐടി ജീവനക്കാര്‍ക്ക് കൊവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ടെക്നോപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ടെക്നോപാര്‍ക്ക് ക്ലബ് ഹൗസ് 35 കിടക്കകളുള്ള കൊവിഡ് ഒന്നാം തല ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു.