വെഞ്ഞാറമൂട്: ജീവിതവഴിയില്‍ പിന്നിലായിപ്പോയ പഴയ ചങ്ങാതിക്ക് ചെറിയ വീടൊരുക്കാന്‍ 35 വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകാരൊത്തുചേര്ന്നു. പുല്ലമ്പാറ പഞ്ചായത്തിലെ ഏക്കന്ചിറ വീട്ടില്‍ മധുവിനാണ് പഴയ സഹപാഠികളുടെ സഹായത്താല്‍ വീടൊരുങ്ങിയത്.
ഭൂമി സംബന്ധിച്ച മതിയായ രേഖകള്‍ ഇല്ലാത്തതുകൊണ്ട് പഞ്ചായത്തിന്റെ വീടിന് അനുമതി കിട്ടാതെ കഷ്ടതയിലായിരുന്നു മധുവിന്റെ കുടുംബം. തുടര്‍ന്നാണ് തേമ്പാംമൂട് ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1986 എസ്എസ്എല്‍സി ബാച്ചായ ഒരുവട്ടംകൂടിയിലെ സഹപാഠികള്‍ ഒത്തുചേര്‍ന്ന് മധുവിന് വീടുവച്ച് നല്‍കിയത്.
ടാര്‍പ്പ വലിച്ചുകെട്ടിയ മാടത്തിലാണ് മധുവിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ആ സ്ഥലത്താണ് വെയിലും മഴയും ഏല്ക്കാതെ കിടക്കാന്‍ ചെറിയ സൗകര്യമുള്ള ഷീറ്റിട്ട ഒരു വീട് കൂട്ടുകാര്‍ പണിതു കൊടുത്തത്. രണ്ടര ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം പണിതത്.
കാലവര്‍ഷത്തിനു മുമ്പുതന്നെ വീട് പണിഞ്ഞ് നല്‍കണമെന്ന ദൃഢനിശ്ചയമാണ് പെട്ടെന്ന് പണി തീര്‍ക്കാന്‍ പ്രേരകമായത്. അതേസമയം, ഇവര്‍ വീടൊരുക്കിയ സമയത്തുതന്നെ ഭൂമിയുടെ ഔദ്യോഗിക രേഖകള്‍ ശരിയാകുകയും പുല്ലമ്പാറ പഞ്ചായത്ത് ഇപ്പോള്‍ വീട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.