ന്യൂഡല്‍ഹി: ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നിരീക്ഷണത്തില്‍. ഇതോടെ, നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തില്ല.
അതേസമയം, പ്രിയങ്കയ്ക്ക് പകരം രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ക്വാറന്റൈനിലാണെന്ന വിവരം പ്രിയങ്ക അറിയിച്ചത്.
”എന്റെ റിപ്പോര്‍ട്ട് നെഗറ്റീവ് ആയി പുറത്തുവന്നിട്ടുണ്ട്, എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം, അടുത്ത കുറച്ച് ദിവസത്തേക്ക് ഞാന്‍ ഐസൊലേഷനിലായിരുന്നു. ഈ അസൗകര്യത്തില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു, ”
പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
മൂന്ന് ശക്തമായ മുന്നണികളും ശക്തമായ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ്. എന്‍ഡിഎക്ക് വേണ്ടി ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മത്സരിക്കുന്നത്. വി ശിവന്‍കുട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന കെ മുരളീധരന്റെ പരാതിയെ തുടര്‍ന്നാണ് പ്രിയങ്കാ ഗാന്ധി തന്നെ പ്രചാരണത്തിന് എത്താമെന്ന് നിശ്ചയിച്ചത്.
പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ കെ മുരളീധരന് നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാളെ നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാല്‍, കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരിക്കുകയാണ്.