ആര്യനാട്: അരുവിക്കര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥന്റെ വാഹന പര്യടനത്തിനിടെ ബൈക്ക് അപകടത്തില്‍ പ്രവര്ത്തകന് ദാരുണാന്ത്യം. പാലൈകോണം ജംഗ്ഷനില്‍ ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ ചെറിയാര്യനാട് പ്ലാമൂട് വീട്ടില്‍ പരേതനായ രവിയുടെയും സുലോചനയുടെയും മകന് ആര് പ്രദീപ് (36) ആണ് മരിച്ചത്.
നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. റോഡിലേക്കു വീണ പ്രദീപിന് കെഎസ്ആര്‍ടിസി ബസിടിച്ച് തലയ്ക്കു പരുക്കേറ്റു. തുടര്‍ന്നു നെടുമങ്ങാട് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍ പ്രീയ, സരിത.
ചാമവിളയിലെ പ്രചാരണ സമ്മേളനത്തിന് വിളിപ്പാടകലെയുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശബരീനാഥന് ഉടനടി നിര്‍ത്തിവച്ചു. സ്വീകരണത്തിനായി ജംഗ്ഷനുകളില്‍ കെട്ടിയിരുന്ന അലങ്കാരങ്ങളും യുഡിഎഫ് പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റി. അരുവിക്കര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥനും കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും പ്രദീപിന്റെ വീട് സന്ദര്‍ശിച്ചു.
പര്യടനത്തില്‍ ശബരിക്ക് ഒപ്പമുണ്ടായിരുന്ന പ്രദീപ് ചാമവിളയില്‍ സമ്മേളനം നടക്കവെ അടുത്ത സ്വീകരണ സ്ഥലമായ പാലൈകോണം ജംഗ്ഷനിലേക്ക് എത്തിയപ്പോഴാണ് അപകടം. അപകടത്തിന് ഇടയാക്കിയ കാറില്‍ സഞ്ചരിച്ചവരും സമ്മേളനത്തിനെത്തിയവരാണ്. ബൈക്കിനു പിന്നില്‍ സഞ്ചരിച്ച ചെറിയാര്യനാട് സ്വദേശി അനുവിന് പരുക്കില്ല.
പ്രചാരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഉണ്ടായ ദാരുണാന്ത്യം യുഡിഎഫ് ക്യാമ്പിനെ ശോകമൂകമാക്കി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രദീപ് ഇന്നലെ ശബരീനാഥന്റെ വാഹന പര്യടനം ഈഞ്ചപ്പുരിയില്‍ നിന്ന് ആരംഭിക്കുന്ന സമയം മുതല്‍ ഒപ്പമുണ്ടായിരുന്നു.