തിരുവനന്തപുരം: നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി മറ്റന്നാള്‍ വീണ്ടും തിരുവനന്തപുരത്തെത്തും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്ന വലിയ ദൗത്യം ഏല്‍പ്പിച്ചിട്ട് പ്രിയങ്ക ഗാന്ധിയെ റോഡ് ഷോയ്ക്കായി എത്തിക്കാത്തതില്‍ കെ മുരളീധരന് സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക വീണ്ടും എത്തുന്നത്.
കന്യാകുമാരിയിലെ പ്രചാരണത്തിനു ശേഷമാകും അവര്‍ എത്തുക. സമയം അനുവദിക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍കരയിലും കുറച്ചു സമയം ചെലവഴിക്കും. ചൊവ്വാഴ്ച തലസ്ഥാനത്തു പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേമം മണ്ഡലത്തില്‍ പദ്ധതിയിട്ടിരുന്ന റോഡ് ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസിന്റെ എതിര്‍പ്പും സമയക്കുറവുമാണ് ഇതിനു കാരണമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, ഇന്നലെ രാവിലെ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ സന്ദര്‍ശിച്ചപ്പോള്‍ താന്‍ റോഡ് ഷോയ്ക്കായി നേമത്ത് എത്തുമെന്നു പ്രിയങ്ക ഗാന്ധി കെ മുരളീധരനെ അറിയിച്ചു. സന്ദര്‍ശിക്കാനെത്തിയ കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാലിനോടും താന്‍ പ്രചാരണത്തിനെത്തുമെന്നു പ്രിയങ്ക അറിയിച്ചു.
കേരളത്തില്‍ ബിജെപിയുടെ ഏക സീറ്റായ നേമത്ത് റോഡ് ഷോ നടന്നില്ലെങ്കില്‍ മറ്റു പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും അതിനാല്‍ പ്രിയങ്ക എത്തുന്നത് നല്ലതാണെന്നും കെ മുരളീധരന് പറഞ്ഞു. ശശി തരൂര്‍ മത്സരിച്ചപ്പോള്‍ പ്രചാരണ രംഗത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതെല്ലാം നേതൃത്വം ഇടപെട്ടു പരിഹരിക്കുകയും അദ്ദേഹം വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ നേമത്ത് അത്തരം പ്രശ്നങ്ങളില്ല. നെഹ്റു കുടുംബത്തിലെ ഒരു അംഗം പ്രചാരണത്തിന് വരിക എന്നു പറഞ്ഞാല്‍ വലിയ സന്തോഷമാണ്, അതിലും വലുത് ഒന്നുമില്ലെന്നും മുരളീധരന് വ്യക്തമാക്കി.