നെയ്യാറ്റിന്‍കര: കളഞ്ഞു കിട്ടിയ 75,000 രൂപയും രേഖകളും ഉടമയെ കണ്ടെത്തി തിരികെ നല്കി നാടിന് മാതൃകയായി കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാര്‍. കണ്ടക്ടര്‍ എംഎല് പ്രശാന്തും ഡ്രൈവര്‍ ജിഎസ് സാബുകുമാറുമാണ് നന്മയുടെ വെളിച്ചമായി മാറിയത്.
ശനിയാഴ്ച സര്‍വ്വീസ് അവസാനിപ്പിച്ച് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ യാദൃച്ഛികമായാണ് പ്ലാസ്റ്റിക് കവര്‍ കണ്ടക്ടര്‍ എംഎല് പ്രശാന്ത് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്നു നോക്കിയപ്പോള്‍ കുറെ നോട്ടുകളും ബാങ്ക് പാസ്ബുക്കുകളും.
തുടര്‍ന്ന് ഡ്രൈവര്‍ ജിഎസ് സാബുകുമാറുമായി ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ടിഐ സതീഷ് കുമാര്‍ മുഖേന എടിഒ: എസ്എം ബഷീറിന്റെ പക്കല്‍ എത്തിച്ചു. പരിശോധനയില്‍ കാനറ ബാങ്ക് ആനയറ ശാഖയിലെ ലീലാ തമ്പിയാണ് ഉടമയെന്നു കണ്ടെത്തി. ഫോണ്‍ നമ്പറിന്റെ ഇല്ലാത്തതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട് നമ്പര്‍ കണ്ടെത്തി ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
വീടു പണിക്കു വേണ്ടി മൂന്നു ബാങ്കുകളിലായി സൂക്ഷിച്ചിരുന്ന സമ്പാദ്യം പിന്‍വലിച്ചു മടങ്ങുന്നതിനിടെയാണു പണം കൈമോശം സംഭവിച്ചതെന്ന് 75നുമേല്‍ പ്രായമുള്ള ലീലാ തമ്പി പറഞ്ഞു. പണവും രേഖകളും തിരികെ വാങ്ങി പോകാനൊരുങ്ങുമ്പോള്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ നല്കിയ ഉദ്യോഗസ്ഥരെ അനുഗ്രഹിക്കാന്‍ അവര്‍ മറന്നില്ല.
കഴിഞ്ഞ ദിവസവും പണം അടങ്ങിയ പഴ്സും രേഖകളും ഇതേ ഡിപ്പോയില്‍നിന്ന് യഥാര്‍ഥ ഉടമകള്‍ക്ക് മടക്കി നല്‍കിയിരുന്നു. ദേശീയപാതയില്‍ പന്തിന് പിന്നാലെ പാഞ്ഞ കുരുന്നിനെ അവസരോചിതമായി രക്ഷപ്പെടുത്തിയ ഡ്രൈവറും നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാരനാണെന്ന് എടിഒ: എസ്എം ബഷീര്‍ പറഞ്ഞു.