ബാലരാമപുരം: കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിന് സൈഡ് കൊടുക്കാത്തതിന് ഡ്രൈവറെയും കണ്ടക്ടറെയും ബസില്‍ കയറി മര്‍ദിച്ച് അവശനാക്കിയ യുവാവിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ബാലരാമപുരം തലയല്‍ അകരത്തിന്‍വിള ശിവന്‍കോവില്‍ റോഡില്‍ ലക്ഷ്മി ഭവനില്‍ ശ്രീജിത്ത് ബാബു(35)വിനെയാണ് പോലീസിന് കൈമാറിയത്.
ഇന്നലെ രാവിലെ 11.30ന് ബാലരാമപുരം ജംഗ്ഷനില്‍ പഴയ റേഡിയോ പാര്ക്കിന് സമീപമാണ് സംഭവം. കാട്ടാക്കടയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പോയ കാട്ടാക്കട ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ മലയിന്‍കീഴ് മച്ചേല്‍ മലവിള എള്ളുവിള പുത്തന്‍ വീട്ടില്‍ അരുണ്‍(35), കണ്ടക്ടര്‍ സനല്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ശ്രീജിത്ത് ബാബുവും സംഘവും സഞ്ചരിച്ച കാര്‍ ബസിനെ പിന്തുടര്‍ന്നെത്തിയാണ് ആക്രമണവും അസഭ്യവര്‍ഷവും നടത്തിയത്. ബാലരാമപുരം ജംഗ്ഷനിലെ ട്രാഫിക്കില്‍ നിര്‍ത്തിയ ബസിന്റെ ഡ്രൈവറെ ബസിനകത്ത് കയറിയാണ് ഇയാള്‍ മര്‍ദിച്ചത്.
ഡ്രൈവറെ വലിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇയാള്‍ ബസിനുള്ളില്‍ കയറിയത്. തടയാന്‍ ശ്രമിച്ച കണ്ടക്ടറെയും മര്‍ദിച്ചു. തുടര്‍ന്ന് കണ്ടക്ടറും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ബസ് അമിത വേഗതയില്‍ അല്ലായിരുന്നുവെന്നും ഇടുങ്ങിയ റോഡായതിനാലാണ് സൈഡ് കൊടുക്കാന്‍ കഴിയാത്തതെന്നും ബസിന് മുന്നില്‍ സഞ്ചരിച്ച യാത്രക്കാര്‍ പറഞ്ഞു.