കാട്ടാക്കട: ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടിട്ടും വിധിയെ തോല്‍പ്പിച്ച് ജീവിതം നയിച്ച ശ്രീധരനെ തേടിയെത്തിയത് പുരസ്കാരം. കോട്ടൂര്‍ കൊമ്പിടി സെറ്റില്‍മെന്റിലെ ശ്രീധരന് കാണിക്കാണ്(42) കൃഷി വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്. ജീവിതത്തല്‍ നേരിടുന്ന തിരിച്ചടികളില്‍ തളരുന്നവര്‍ക്കുള്ള പ്രചോദനമാവുകയാണ് ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന് കാണി.
വിളകള്‍ വന്യ മൃഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കെണിയൊരുക്കുന്നതിനിടെയാണ് ശ്രീധരന് കാണിക്ക് ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടത്. എങ്കിലും വിധിയോട് തോറ്റുകൊടുത്തില്ല, കമ്പി ചുറ്റി പിടി ഉണ്ടാക്കിയ തൂമ്പയില്‍ കൈക്കുഴ കയറ്റി കൃഷിചെയ്തു നുറ് മേനി കൊയ്തു.
കമ്പി ചുറ്റി പിടി ഉണ്ടാക്കിയ തൂമ്പയില്‍ കൈപ്പത്തിയില്ലാത്ത കൈക്കുഴ കയറ്റി കുരുമുളക് തൈവക്കാന് കുഴികുത്തുമ്പോഴാണു ശ്രീധരന് കാണി പുരസ്കാര വിവരമറിയുന്നത്. പുരസ്കാരത്തിന്റെ വലിപ്പം ശ്രീധരന് അത്ര പിടിയില്ല. പക്ഷേ ആഹ്ലാദമുണ്ട് വാക്കുകളില്‍. ശ്രീധരനിലൂടെ പുരസ്കാരം ആദ്യമായി അഗസ്ത്യ വനത്തിലെത്തുമ്പോള്‍ ആദിവാസി കുടിലുകളിലും സന്തോഷമാണ്.
കൃഷി ജനകീയമാക്കാനും കൃഷി പ്രചരിപ്പിക്കുന്നതും പരിഗണിച്ച് കൃഷി വകുപ്പ് നല്കുന്ന പുരസ്കാരമാണ് ശ്രീധരന് കാണി സ്വന്തമാക്കിയത്. സ്വന്തമായി വികസിപ്പിച്ച ‘ടെക്നോളജി’യിലൂടെ ശ്രീധരന് കാണി തന്റെ കൃഷിയിടം വിളകളാല്‍ സമ്പന്നമാക്കി.
കമ്പി വളച്ച് ഇരുമ്പ് വയറുകള്‍ കെട്ടി ബലപ്പെടുത്തി തുണിചുറ്റിയ ചെറു വളയങ്ങളില്‍ കൈപ്പത്തിയില്ലാത്ത കൈകളിറക്കി കരിമണ്ണിലേക്ക് മൂര്‍ച്ചയുള്ള പിക്കാസും മണ്‍വെട്ടിയും ആഴ്ത്തിയാണ് ശീധരന്‍ നുറ് മേനി കൊയ്തത്.
ഇതുകൂടാതെ, ഇരുമ്പ് കുഴലില്‍ ഘടിപ്പിച്ച കത്തിയില്‍ കൈക്കുഴ കയറ്റി റബര്‍ ടാപ്പിങ്, തുണി ചുറ്റി ഉറപ്പിച്ച കത്തിയുമായി വെറ്റില കൊടിയില്‍, വാഴ,പച്ചകറി കൃഷികള്‍ വേറെ… അങ്ങനെ പോകുന്നു ശ്രീധരന്റെ ജീവിതത്തോടുള്ള പോരാട്ടം.