വര്‍ക്കല: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് റോഡരികിലെ കൂറ്റന്‍ പ്ലാവ് കടപുഴകി വീണു ഡ്രൈവര്‍ മരിച്ചു. യാത്രക്കാരായ രണ്ടു ബന്ധുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര പാണിയില്‍ വീട്ടില്‍ ദുഷന്തന്റെയും ഉഷയുടെയും മകന് വിഷ്ണുവാണ്(30) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് സംഭവം.
മരക്കടമുക്ക്ചെറുന്നിയൂര് ദളവാപുരം റോഡിലാണ് അപകടം നടന്നത്. ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്താണ് പ്ലാവ് വീണത്. ഓട്ടോയില്‍ കുടുങ്ങിയ വിഷ്ണുവിനെ മരം മുറിച്ചുമാറ്റി വര്‍ക്കല അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യാത്രക്കാരായ വിഷ്ണുവിന്റെ ബന്ധുക്കളായ മനു(37), ശരത്(32) എന്നിവര്‍ നിസാര പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. 15 മീറ്റര്‍ ഉയരമുള്ള പ്ലാവാണ് മഴയില്‍ കടപുഴകി വീണത്.
മകരവിളക്കിനോടനുബന്ധിച്ചു കായിക്കരയിലെ ചട്ടമ്പിസ്വാമി ക്ഷേത്രത്തില്‍ അന്നദാനം ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാനിറങ്ങിയതാണ് വിഷ്ണു. വര്‍ക്കല മരക്കടമുക്കില്‍ നിന്നു പച്ചക്കറി സാധനങ്ങളുമായി റോഡിന്റെ ഇറക്കം ഇറങ്ങി വരവേയാണ് അപകടം. വര്‍ഷങ്ങളായി ചാഞ്ഞുനിന്നിരുന്ന പ്ലാവ് കടപുഴകി ഓട്ടോയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
മരത്തിനടിയില്‍ കുടുങ്ങിയ വിഷ്ണുവിനെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയ നാട്ടുകാര്‍ക്ക് സാധിച്ചില്ല. ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്കും മരംമുറിക്കാതെ ഒന്നും ചെയ്യാനാവുമായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിശമന സേനയ്ക്കൊപ്പം നാട്ടുകാരും പങ്കാളികളായി വിഷ്ണുവിനെ ഉടനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മെഡിക്കല്‍ കോളജിലേക്ക് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ വിഷ്ണുവിനെ മാറ്റാനുള്ള ഒരുക്കത്തിനിടെ വിഷ്ണു ജീവന് വെടിയുകയായിരുന്നു.
അവിവാഹിതനായ വിഷ്ണു എസി മെക്കാനിക്കുകൂടിയാണ്. ജീവിതച്ചെലവ് കണ്ടെത്താനാണ് ഓട്ടോ ഓടിച്ചിരുന്നത്. നാലംഗം കുടുംബത്തിന്റെ ആശ്രയമായിരുന്നു വിഷ്ണു.