കോഴിക്കോട്: ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഇനി വളരെ എളുപ്പം തിരിച്ചറിയാം. കേരള പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനാണ് പുതിയ സേവനം ലഭ്യമാക്കുന്നത്.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങള്‍ക്കായുള്ള കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോള്‍ ആപ്പിലാണ് പുതിയ സേവനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ ‘ REPORT A CYBER FRAUD’ എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.
മാത്രമല്ല. പോള്‍ ആപ്പ് ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത്തരം നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്‍ അവ സ്പാം ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യും.
വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ നേരത്തെ കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബി സേഫ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറിക്കിയിരുന്നു.
സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ് വേര്‍ഷന്റെ സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാക്കിയിരുന്നു.