മലയിന്‍കീഴ്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നടത്തിയ കാരള്‍ വഴി കിട്ടിയ 10000 രൂപ രണ്ട് രോഗികള്‍ക്ക് വീതിച്ചു നല്കി സമൂഹത്തിന് മാതൃകയായി ഒരുകൂട്ടം കുട്ടികള്‍. വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് ചെരിവിള പ്രദേശത്തെ 15 കുട്ടികളാണ് മാതൃകാപരമായ തീരുമാനം കൈകൊണ്ടത്.
3 വയസ്സ് മുതല്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ സംഘത്തിലുണ്ട്. പലരും സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളാണ്. പുല്‍ക്കൂട് ഒരുക്കുന്നതിനിടയിലാണ് ക്രിസ്മസ് കാരള്‍ സംഘടിപ്പിച്ചാലോ എന്ന കാര്യം ഇവര്‍ക്കിടയില്‍ ഉയര്‍ന്നത്. സുഹൃത്തുക്കളും മുതിര്‍ന്നവരുമായ സനല്‍ കുമാര്‍, ബിജുകുമാര്‍, അനീഷ്മ എന്നിവരും പിന്തുണച്ചതോടെ കാരള്‍ സംഘം റെഡി.
ഇതിലൂടെ കിട്ടുന്ന രൂപ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് കുട്ടികള്‍ക്കിടയില്‍ പല അഭിപ്രായം വന്നു. എന്നാല്‍ ഒടുവില്‍ അവര്‍ തന്നെയാണ് നാട്ടിലെ രോഗികള്‍ക്ക് സമ്മാനമായി നല്കാന് തീരുമാനിച്ചത്. ഈ കാര്യം അറിഞ്ഞതോടെ പലരും മനസ്സറിഞ്ഞ് സഹായിച്ചു. ചുറ്റുവട്ടത്തെ വീടുകളില്‍ 4 ദിവസങ്ങളിലായി കാരള്‍ നടത്തി.
നാട്ടുകാരുടെ സഹകരണത്തോടെ കുട്ടികള്‍ സംഘടിപ്പിച്ച യോഗത്തില്‍ ഐബി സതീഷ് എംഎല്‍എ തുക കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം വിളപ്പില്‍ രാധാകൃഷ്ണന്, ബ്ലോക്ക് അംഗം സി രേണുക, പഞ്ചായത്തംഗങ്ങളായ വിവി ഗിരീഷ് കുമാര്‍, എഎസ് സജിത ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ സംഘത്തെക്കുറിച്ചു എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത് വൈറലായി. കമന്റ് ബോക്സില്‍ അഭിനന്ദനപ്രവാഹമാണ്.