തിരുവനന്തപുരം: മുടവന്മുകള് കേശവദേവ് റോഡില്‍ ഒരു ഇരുചക്രവാഹനം കഷ്ടിച്ച് പോകാവുന്ന ഇടവഴിയില്‍ രണ്ട് മുറികളുള്ള ഒറ്റനില വാടകവീട്ടിലാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ താമസം. പ്രാരാബ്ധങ്ങളും സാമ്പത്തിക പരാധീനതകളും അറിഞ്ഞ് ഈ വീട്ടില്‍ നിന്നാണ് 21കാരി ആര്യ തലസ്ഥാനത്തിന്റെ മേയറായത്. മേയറായെങ്കിലും താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ തന്നെ തുടരുമെന്നും തത്ക്കാലം മറ്റെങ്ങോട്ടും താമസം മാറില്ലെന്നുമാണ് ആര്യായുടെ തീരുമാനം.
എന്നാല്‍ മേയറെ കാണാന്‍ വീട്ടില്‍ എത്തുന്നവര്‍ക്കെല്ലാം വാഹനം കടന്നു ചെല്ലാന്‍ പറ്റാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇക്കാര്യം സ്ഥലത്തെ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതോടെ വിഷയം സിപിഎം നേതൃത്വം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. മുന്‍ മേയര്‍ ശിവന്‍കുട്ടിയാണ് മേയര്‍ക്ക് ഔദ്യോഗിക വസതിയെന്ന ആശയം മുന്നോട്ട് വെച്ചത്. അത് ഉടന്‍ തന്നെ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നഗരസഭാ ഭരണത്തിരക്കുകള്‍ക്കിടയിലും പരീക്ഷാ ചൂടിലാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. മേയര്‍ ആര്യാ രാജേന്ദ്രന് ഇന്ന് പരീക്ഷയാണ്. രണ്ടാം സെമസ്റ്റര്‍ കണക്ക് പരീക്ഷ. ഡിസംബര്‍ 18ന് നടക്കേണ്ട പരീക്ഷ മാറ്റിവച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടത്തുന്നത്. മേയറായി തിരഞ്ഞെടുക്കപ്പെട്ട് കൃത്യം പത്താം ദിവസമാണ് ആര്യയുടെ പരീക്ഷ. പരീക്ഷയ്ക്കുള്ള ഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനായി മേയര്‍ ഇന്നലെ ചാക്ക ആള് സെയിന്റ്സ് കോളേജിലെത്തിയിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ എം ദീപ ഉള്‍പ്പെടെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആര്യയെ സ്വീകരിച്ചു.
അധ്യാപകരോടും ജീവനക്കാരോടും കുറച്ചുനേരം സംസാരിച്ചശേഷം ബിഎസ്സി മാത്തമാറ്റിക്സ് ഡിപ്പാര്ട്ട്മന്റെിലെ കാസ്മുറിയിലേക്ക് പോയ ആര്യയെ കാത്ത് ക്ലാസ് മുറിയില്‍ ടീച്ചറുടെ പ്രത്യേക ക്ലാസ് ഉണ്ടായിരുന്നു. പരീക്ഷക്ക് വരാനുള്ള പാഠഭാഗങ്ങള്‍, പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളൊക്കെ ടീച്ചറില്‍ നിന്ന് മനസിലാക്കി. സംശയങ്ങളും ഉത്തരങ്ങളുമായി ഏതാനും മണിക്കൂറുകള്‍. പിന്നീട് കോളജ് മാനേജര്‍ സിസ്റ്റര്‍ മേരി ഫ്രാന്‍സിസിനെ കണ്ടു. ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് മേയര്‍ കോളജില്‍ നിന്ന് മടങ്ങിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതുവരെയുള്ള ഇടവേളയില്‍ പഠനത്തിന് സമയം കണ്ടെത്തിയിരുന്നു, ബാക്കിയുള്ള പാഠഭാഗങ്ങളുടെ റിവിഷനായാണ് ഇന്നലെ കോളേജിലെത്തിയതെന്നും കോളജിലെത്തിയതില്‍ സന്തോഷമുണ്ട് താന്‍ എപ്പോഴും വിദ്യാര്‍ത്ഥി തന്നെയാണെന്നും ആര്യ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടന്ന മൂന്ന് പരീക്ഷകളും ആര്യക്ക് എഴുതാന്‍ സാധിച്ചിരുന്നില്ല.