ബാലരാമപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ് തൊട്ടടുത്ത ദിവസം അപകടത്തില്‍പ്പെട്ട വയോധികര്‍ക്ക് തുണയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം.
ഇന്നലെ രാവിലെ ബാലരാമപുരം പാറക്കുഴിയിലെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് സുരേഷ് കുമാര്‍ അപകടം മുന്നില്‍ കാണുന്നത്. പിന്നെ ഒട്ടും താമസിക്കാതെ അപകടത്തില്പ്പെട്ടര്ക്ക് ശിശ്രൂഷകള്‍ നല്‍കുകയായിരുന്നു.
കരമന-കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പാറയ്ക്ക് സമീപം സ്കൂട്ടര്‍ യാത്രക്കാരായ ബാലരാമപുരം ഐത്തിയൂര്‍ സ്വദേശികളായ ആരിഫാ ബീവി(56), ഷാഹുല്‍ ഹമീദ് (62) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മണല്പ്പൊടിയില്തെന്നി റോഡില്‍ വീണായിരുന്നു അപകടം.
അതേസമയം, തിരുവനന്തപുരത്ത് എതിര് സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം അംഗം ഡി സുരേഷ് കുമാര്‍ ഏകപക്ഷീയ വിജയം സ്വന്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും 7 മിനിട്ടുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയത് അപൂര്‍വമായിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ എട്ടാമത് പ്രസിഡന്റാണ് സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗമായ സുരേഷ്. മത്സരമുണ്ടായെങ്കിലും ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ലഭിച്ചതിനാല്‍ സിപിഎമ്മിലെ എ ഷൈലജാ ബീഗം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങള്‍ ഏരിയാ കമ്മിറ്റി അംഗമാണ് ഷൈലജ.