തിരുവനന്തപുരം: മോഷ്ടിച്ച സ്വര്‍ണ്ണക്കൊലുസ് സിനിമാ സ്റ്റൈലില്‍ വിഴുങ്ങിയ പ്രതിയില്‍ നിന്ന് തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ പെടാപ്പാട് പെടുകയാണ് പോലീസ്. തമ്പാനൂര്‍ പോലീസിനാണ് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലെ പോലെ സമാനമായ ദുര്‍വിധി നേരിടേണ്ടി വന്നിരിക്കുന്നത്.
കൊലുസ് വീണ്ടെടുക്കാന്‍ 2 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിയെ നിരീക്ഷണത്തിലാക്കി കാത്തിരിക്കുകയാണ് പോലീസ്. തൊണ്ടി കണ്ടെത്തിയത് സിനിമയിലെപ്പോലെ എക്സ്റേയിലാണ്. മാലയ്ക്കു പകരം ഇവിടെ കൊലുസാണ് വിഴുങ്ങിയതെന്ന വ്യത്യാസം മാത്രം.
വെള്ളിയാഴ്ച വൈകിട്ട് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ കാഞ്ഞിരംകുളത്തേക്കുള്ള സ്റ്റോപ്പിലായിരുന്നു സംഭവം. 3 വയസ്സുകാരിയുടെ 4 ഗ്രാം വരുന്ന കൊലുസ് വിഴുങ്ങിയെന്ന കേസില്‍ അറസ്റ്റിലായ പൂന്തുറ പള്ളിത്തെരുവ് ടിസി 46/ 422 മുഹമ്മദ് സിദ്ദിഖില്‍ (42) നിന്നു തൊണ്ടി വീണ്ടെടുക്കാനാണു പോലീസ് കാത്തിരിക്കുന്നത്.
പാലക്കാട് നിന്ന് എത്തി നെയ്യാറ്റിന്കരയിലേക്കു ബസ് കാത്തു നിന്ന കാരോട് സ്വദേശി അജികുമാറിന്റെയും മിനിയുടെയും മകളുടെ സ്വര്ണക്കൊലുസാണ് സിദ്ദിഖ് മോഷ്ടിച്ചത്. കൊലുസു മോഷ്ടിക്കുന്നതു മാതാപിതാക്കള്‍ കണ്ടതോടെ മുഹമ്മദ് സിദ്ദിഖ് കടന്നുകളയാന്‍ ശ്രമിച്ചു.
നാട്ടുകാരും പോലീസും പിടികൂടുമെന്നായപ്പോള്‍ ഇയാള്‍ മോഷണ മുതല്‍ വിഴുങ്ങി. പോലീസ് കേസെടുത്തെങ്കിലും പ്രതി മോഷണം സമ്മതിക്കാന്‍ തയാറായില്ല. തൊണ്ടി മുതല്‍ കണ്ടെത്താനാവാതെ വന്നതോടെ എക്സ്റേ എടുക്കാന്‍ പോലീസ് തീരുമാനിച്ചു. ഇതില്‍ കൊലുസ് പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രം പ്രസാദിനെയാണ് മാലമോഷണത്തിനു പോലീസ് പിടികൂടുന്നത്. തൊണ്ടി മുതല്‍ വിഴുങ്ങിയ പ്രസാദ് എന്തൊക്കെ ചെയ്തിട്ടും കുറ്റം സമ്മതിക്കുന്നില്ല. അവസാനം എക്സ്റേയില്‍ വയറില്‍ കിടക്കുന്ന മാല തെളിയുന്നു. പിന്നീട് തൊണ്ടി മുതല്‍ വീണ്ടെടുക്കാനുള്ള പോലീസിന്റെ ശ്രമങ്ങളാണു ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.