ആലത്തൂര്‍: ബാല്യത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ യുവതിയെ കൈവിടാതെ നാട്ടുകാരുടെ സ്നേഹകൂട്ടായ്മ. അനാഥയായിരുന്ന അവള്‍ക്ക് ആദ്യം തല ചായ്ക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടൊരുക്കി, ഇപ്പോഴിതാ നാടിന്റെ കരുതലില്‍ സുനിത വിവാഹിതയായി.
തരൂര്‍ കോഴിക്കാട് ഗ്രാമത്തിലാണ് നാടിന്റെ കരുതലില്‍ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് ചുവടുവെച്ചു തുടങ്ങിയത്. ബാല്യത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സുനിതയ്ക്ക് തുണയായത് നാട്ടുകാരും പ്രവാസികളും കോഴിക്കാട് ചാലഞ്ചേഴ്സ് ക്ലബിലെ അംഗങ്ങളുമാണ്. എഴു വര്‍ഷം മുന്‍പാണ് സുനിതയുടെ മാതാപിതാക്കളായ കുഞ്ചുവും കല്യാണിയും മരിച്ചത്.
നാലു വര്‍ഷം മുന്‍പ് തരൂര്‍ പഞ്ചായത്ത് ഭവനഫണ്ടില് നിന്ന് അനുവദിച്ച തുകയും നാട്ടുകാരുടെ സഹായവും ചേര്‍ന്നപ്പോള്‍ സുനിതയ്ക്ക് തല ചായ്ക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടായി. ഇപ്പോഴിതാ നാടിന്റെ കരുതലില്‍ സുനിത വിവാഹിതയായി. ഇന്നലെയാണ് വിവാഹവും ഗൃഹപ്രവേശം ഒരുമിച്ചു നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്തു നടത്തിക്കൊടുത്തത്.
സ്വകാര്യ ബസ് ജീവനക്കാരനായ അത്തിപ്പൊറ്റ ഒറവുങ്കല്‍ കല്യാണിയുടെ മകന് പ്രകാശനാണു സുനിതയെ ജീവിത സഖിയാക്കിയത്. കോഴിക്കാട് ഗ്രാമവാസികള്‍ മുഴുവന്‍ ചടങ്ങില്‍ പങ്കാളികളായി. വിവാഹം നടന്നതു തരൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും തരൂര്‍ യുപി സ്കൂളില്‍ ബിരിയാണി വിളമ്പി. തരൂര്‍ പഞ്ചായത്ത് അധ്യക്ഷ ഇ രമണി ആശംസകളറിയിച്ചു.