പ്രൈവറ്റ് വാഹനങ്ങളിലും പൊതുവാഹനങ്ങളിലും റോഡ് അപകടങ്ങള്‍ക്ക് പിന്നില്‍ മിക്കപ്പോഴും ഉറക്കം ഒരു പ്രധാന വില്ലനാകാറുണ്ട്. കെഎസ്ആര്‍ടിസിയില്‍ വിശ്രമമില്ലാതെ തുടര്‍ച്ചയായ ഡ്യൂട്ടി ജീവനക്കാരെ ക്ഷീണിതരാക്കുകയും ജോലി സമയത്ത് ഉറങ്ങിപ്പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി ഉറക്കത്തിന്റെ പേരില്‍ അപകടങ്ങള്‍ വിളിച്ചു വരുത്തേണ്ട.
ഇതിനു പരിഹാരമായി ജീവനക്കാര്‍ക്കു വേണ്ടത്ര വിശ്രമം ഉറപ്പാക്കാനാണ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ മുന്‍കയ്യെടുത്ത് എസി സ്ലീപ്പര്‍ ബസുകള്‍ തയാറാക്കുന്നത്. 8 മണിക്കൂര്‍ ജോലി. ശേഷം വിശ്രമം. അതുവഴി അപകടരഹിത യാത്ര. ഇതാണു പുതിയ സ്ലീപ്പര്‍ ബസിന്റെ ലക്ഷ്യം.
ഇതുവരെ 2 സ്ലീപ്പര്‍ ബസുകള്‍ പുറത്തിറങ്ങി. ഒന്നു ബത്തേരിയിലും രണ്ടാമത്തേതു പാലക്കാട്ടും. എറണാകുളത്തും ബസ് ഉടന്‍ എത്തുമെന്നാണ് അറിയുന്നത്. സര്‍വീസ് കാലാവധി തീര്‍ന്ന ബസുകളാണു സ്ലീപ്പറാക്കി മാറ്റുന്നത്.
സ്ലീപ്പര്‍ ബസില്‍ 16 ബര്‍ത്ത് ഉണ്ട്. ഓരോ ബര്‍ത്തിലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ ഉണ്ട്. ഡൈനിങ് ഹാളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ലീപ്പര്‍ ബസിനു ചക്രം ഉണ്ടെങ്കിലും വാഹനം നില്ക്കുന്നതു പ്രത്യേക സ്റ്റാന്‍ഡിലാണ്. കുലുക്കം പോലും ഒഴിവാക്കാനാണിത്.
തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്കുന്ന പോകുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും പാലക്കാട് വരെ ജോലി നോക്കിയാല്‍ മതി. ശേഷം പാലക്കാട്ടെ സ്ലീപ്പര്‍ ബസില്‍ അവര്‍ക്കു വിശ്രമിക്കാം. പകരം പാലക്കാട്ടു നിന്ന് അടുത്ത ബാച്ച് ഡ്രൈവറും കണ്ടക്ടറും ജോലിക്കു കയറും. ഇവര്‍ തിരിച്ചെത്തി പാലക്കാട് ഇറങ്ങും. ശേഷം വിശ്രമം കഴിഞ്ഞെത്തിയവര്‍ ജോലിയില്‍ പ്രവേശിക്കും. ഈ രീതിയിലാണു ക്രമീകരണമെന്നു ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടിഎ ഉബൈദ് അറിയിച്ചു.